റിയാദ് എയർപോർട്ടിലെ ടെർമിനൽ മാറ്റങ്ങൾ വിജയകരമായി പൂർത്തിയാക്കി; വിദേശ വിമാനക്കമ്പനികൾ ടെർമിനൽ അഞ്ചിലേക്ക്

 

റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനലുകളുടെ പുനർക്രമീകരണം വിജയകരമായി പൂർത്തിയാക്കി. വിമാനത്താവളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മാറ്റങ്ങളാണ് ഇതോടെ നടപ്പിലായത്. പുതിയ ക്രമീകരണമനുസരിച്ച് ഇന്ത്യയുടേതുൾപ്പെടെയുള്ള എല്ലാ വിദേശ വിമാനക്കമ്പനികളും ഇനി മുതൽ ടെർമിനൽ അഞ്ചിൽ നിന്നായിരിക്കും സർവീസ് നടത്തുക. വിമാനത്താവളത്തിലെ ഒന്നു മുതൽ നാലു വരെയുള്ള ടെർമിനലുകൾ ഇനി മുതൽ സൗദി വിമാനക്കമ്പനികൾക്ക് മാത്രമായി നീക്കിവെച്ചു.

ടെർമിനൽ ഒന്ന് വഴി ഫ്ലൈനാസും ഫ്ലൈ അദീലും അന്താരാഷ്ട്ര സർവീസുകൾ നടത്തും. ടെർമിനൽ രണ്ടിൽ നിന്ന് റിയാദ് എയറും സൗദി എയർലൈൻസും ഇന്ത്യയിലേക്കുൾപ്പെടെയുള്ള അന്താരാഷ്ട്ര സർവീസുകൾ നിർവഹിക്കും. ആഭ്യന്തര സർവീസുകൾക്കായി ടെർമിനൽ മൂന്നും നാലുമാണ് ഉപയോഗിക്കുക. ഇതിൽ ടെർമിനൽ മൂന്ന് സൗദി എയർലൈൻസിന്റെ ആഭ്യന്തര സർവീസുകൾക്കും, ടെർമിനൽ നാല് ഫ്ലൈനാസ്, ഫ്ലൈ അദീൽ എന്നിവയുടെ ആഭ്യന്തര സർവീസുകൾക്കുമായി മാറ്റിവെച്ചു.

നേരത്തെ ആഭ്യന്തര സർവീസുകൾക്ക് മാത്രമായി ഉപയോഗിച്ചിരുന്ന ടെർമിനൽ അഞ്ചാണ് ഇനി വിദേശ വിമാനക്കമ്പനികളുടെ കേന്ദ്രമാകുക. മാറ്റങ്ങളെല്ലാം സുഗമമായി പൂർത്തിയാക്കിയെന്നും യാത്രക്കാർ പുതിയ മാറ്റങ്ങൾ ശ്രദ്ധിക്കണമെന്നും വിമാനത്താവള കമ്പനി അറിയിച്ചു. ഇതോടെ ഒന്ന് മുതൽ നാല് വരെയുള്ള ടെർമിനലെല്ലാം സൗദി വിമാനക്കമ്പനികൾക്ക് മാത്രമായി മാറി.