യാത്രാ തടസ്സം തുടരുന്നു; സർവീസ് റദ്ദാക്കൽ ഏപ്രിൽ 15 വരെ നീട്ടി ഒമാൻ എയർ

 

പശ്ചിമേഷ്യയിലെ ചില രാജ്യങ്ങളിൽ വ്യോമാതിർത്തി അടച്ചതിനെത്തുടർന്ന് വിമാന സർവീസുകൾ റദ്ദാക്കിയത് ഏപ്രിൽ 15 വരെ നീട്ടിയതായി ഒമാൻ എയർ അറിയിച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് ഈ നടപടി. ദുബായ്, ബഹ്‌റൈൻ, ദോഹ, കുവൈത്ത്, കോപ്പൻഹേഗൻ, ബാഗ്ദാദ്, ഖസബ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് നിലവിൽ റദ്ദാക്കിയിട്ടുള്ളത്.

അതേസമയം, യാത്രക്കാർക്ക് ആശ്വാസമായി അമ്മാനിലേക്കും ദമ്മാമിലേക്കുമുള്ള സർവീസുകൾ ഏപ്രിൽ ഒന്നിന് പുനരാരംഭിക്കുമെന്ന് ഒമാൻ എയർ വ്യക്തമാക്കി. വിമാനങ്ങൾ റദ്ദാക്കിയതുമായി ബന്ധപ്പെട്ട വിവരങ്ങൾക്കും ബുക്കിംഗുകൾക്കുമായി യാത്രക്കാർക്ക് ഒമാൻ എയറിന്റെ ഔദ്യോഗിക വെബ്‌സൈറ്റോ (http://omanair.com) മൊബൈൽ ആപ്പോ ഉപയോഗിക്കാവുന്നതാണ്.

നെറ്റ്‌വർക്കിലെ മറ്റ് സർവീസുകൾ നിലവിൽ തടസ്സമില്ലാതെ തുടരുമെന്ന് അധികൃതർ അറിയിച്ചു. മാറിയ സാഹചര്യങ്ങൾക്കനുസരിച്ച് യാത്രക്കാർ തങ്ങളുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് മുൻകൂട്ടി പരിശോധിക്കണമെന്നും എയർലൈൻ നിർദ്ദേശിച്ചു. ഒമാനിൽ നിന്നും തിരിച്ചുമുള്ള പ്രവാസികൾ ഉൾപ്പെടെയുള്ള യാത്രക്കാരെ ഈ സമയമാറ്റം ബാധിക്കാൻ സാധ്യതയുണ്ട്.