100 കോടി പിഴ ചുമത്തിയതിനെതിരെ കൊച്ചി കോർപ്പറേഷൻ കോടതിയെ സമീപിക്കും 

 

ദേശീയ ഹരിത ട്രിബ്യൂണൽ പിഴ ചുമത്തിയ നടപടിയെ നിയമപരമായി നേരിടാനൊരുങ്ങി കൊച്ചി കോർപറേഷൻ.  നിയമ വിദഗ്ദരുമായി കൂടിയാലോചിച്ച ശേഷം ഹൈക്കോടതിയെയോ സുപ്രിം കോടതിയെയോ സമീപിക്കാനാണ് കോർപറേഷൻ  തീരുമാനിച്ചിരിക്കുന്നത്. ബ്രഹ്‌മപുരം വിഷയത്തിൽ കോർപറേഷൻ നടപടികൾക്കെതിരെ രൂക്ഷ വിമർശനമാണ്  ഹൈക്കോടതി നടത്തിയിരുന്നത്. ഈ സാഹചര്യത്തിൽ ഹൈക്കോടതിയെ സമീപിച്ചാൽ സ്റ്റേ നേടാനാകുമോ എന്ന കാര്യത്തിൽ കോർപറേഷന് ആശങ്കയുണ്ട്. അതിനാൽ സുപ്രീം കോടതിയെ നേരിട്ട് സമീപിക്കാനും ആലോചനയുണ്ട്. 

ദേശീയ ഹരിത ട്രിബ്യൂണൽ 100 കോടി രൂപയാണ് കൊച്ചി കോർപറേഷന് പിഴയായി ചുമത്തിയിരിക്കുന്നത്.  കോർപറേഷന്റെയോ സർക്കാരിന്റെയോ ഭാഗം കേൾക്കാതെയും നഷ്ടപരിഹാരം കണക്കാക്കാതെയുമാണ് പിഴ ചുമത്തിയതെന്നാണ് കോർപറേഷൻ വാദിക്കുന്നത്. ബ്രഹ്മപുരം പ്ലാന്റിൽ 2012 മുതൽ ഉണ്ടായ പിഴവുകളാണ് ഹരിത ട്രിബ്യൂണലിനെ പ്രകോപിപ്പിച്ചത്. 

2019ൽ ദേശീയ ഹരിത ട്രിബ്യൂണൽ സംഘം പ്ലാന്റ് സന്ദർച്ചപ്പോൾ മുന്നോട്ട് വെച്ച നിർദേശങ്ങൾ നടപ്പാക്കാത്തതിനാൽ രണ്ട് കോടി രൂപ പിഴ ചുമത്തിയിരുന്നു. ഇതിൽ ഒരു കോടി കോർപറേഷൻ നൽകുകയും പിന്നീട് അപ്പീൽ കൊടുത്ത് സ്റ്റേ നേടുകയുമായിരുന്നു. 2021 ജനുവരിയിൽ വീണ്ടും ഹരിത ട്രിബ്യൂണൽ 14.92 കോടി രൂപ പിഴ ചുമത്തിയപ്പോഴും ഹൈക്കോടതിയിൽ നിന്നും സ്റ്റേ വാങ്ങിയിരുന്നു. എന്നാൽ പിഴത്തുകയുടെ അൻപത് ശതമാനം കെട്ടി വെച്ചാൽ മാത്രമേ അപ്പീൽ കൊടുക്കാനാകൂ. അതിനാൽ അൻപതു കോടി രൂപ കെട്ടിവെക്കാൻ കോർപറേഷൻ സർക്കാർ സഹായം തേടേണ്ടി വരും.