സെപ്റ്റംബറിലെ ശമ്പളം കിട്ടിയില്ല; സമരം തുടങ്ങി 108 ആംബുലൻസ് ജീവനക്കാർ
ഒക്ടോബർ അവസാനമായിട്ടും സെപ്റ്റംബർ മാസത്തെ ശമ്പളം കിട്ടിയില്ലെന്നാരോപിച്ച് 108 ആംബുലൻസ് ജീവനക്കാർ സമരം തുടങ്ങി. സിഐടിയുവിന്റെ ആഭിമുഖ്യത്തിൽ സർവീസ് നിർത്തിവച്ചുകൊണ്ടാണ് പ്രതിഷേധം.
108 ആംബുലൻസ് സേവനം നിലച്ചതോടെ അപകടങ്ങളിൽ പെടുന്നവരെ ഉൾപ്പെടെ ആശുപത്രികളിലേക്ക് മാറ്റാൻ സ്വകാര്യ ആംബുലൻസുകൾ തേടേണ്ട അവസ്ഥയാണ് പൊതുജനത്തിന്. അധികൃതർ ഇടപെട്ട് നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
ഇന്ന് രാവിലെ എട്ട് മണി മുതൽ സംസ്ഥാനത്ത് പലയിടങ്ങളിലും സർവീസ് പൂർണ്ണമായും നിർത്തിവെച്ച് സമരം ആരംഭിച്ചപ്പോൾ ചിലസ്ഥലങ്ങളിൽ ഒരു ആശുപത്രിയിൽ നിന്ന് മറ്റൊരു ആശുപത്രിയിലേക്കുള്ള ട്രിപ്പുകൾ എടുക്കാതെയാണ് ഒരുവിഭാഗം ജീവനക്കാർ സമരം ചെയ്യുന്നത്. ശമ്പള വിതരണത്തിലെ കാലതാമസം സംബന്ധിച്ച് സിഐടിയു പ്രതിനിധികളും സ്വകാര്യ കമ്പനി അധികൃതരും തമ്മിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് സമരം ആരംഭിച്ചത്.
നവംബർ ഒന്നാം തീയതി സെപ്റ്റംബർ മാസത്തെ പകുതി ശമ്പളം നൽകാമെന്നും ബാക്കി ശമ്പള വിതരണം പിന്നീട് അറിയിക്കാമെന്നും കരാർ കമ്പനി പറഞ്ഞതായാണ് ആക്ഷേപം. ഒക്ടോബർ മാസം തീരുന്നതോടെ രണ്ടുമാസത്തെ ശമ്പളം കുടിശ്ശികയാവുമെന്ന് 108 ആംബുലൻസ് ജീവനക്കാർ പറയുന്നു. ഇന്നലെ മുതൽ ചില ജില്ലകളിൽ ബിഎംഎസ് യൂണിയൻറെ നേതൃത്വത്തിൽ ഒരു ആശുപത്രിയിൽ നിന്ന് മറ്റൊരു ആശുപത്രിയിലേക്കുള്ള ഐ.എഫ്.ടി കേസുകൾ എടുക്കാതെ പ്രതിഷേധ സമരം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ എട്ട് മണി മുതൽ സിഐടിയുവിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം ജീവനക്കാർ ശമ്പള വിതരണത്തിൽ തീരുമാനമാകുന്നതുവരെ എല്ലാ ട്രിപ്പുകളും ഒഴിവാക്കിക്കൊണ്ട് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ സ്ഥാപനമാണ് ജീവനക്കാർക്ക് ശമ്പളം നൽകുന്നത്. 90 കോടിയിലേറെ രൂപ സർക്കാരിൽ നിന്ന് ലഭിക്കാൻ കുടിശ്ശികയുണ്ടെന്ന് കാട്ടിയാണ് ജീവനക്കാരുടെ ശമ്പളം തടഞ്ഞു വച്ചിരിക്കുന്നതെന്ന് ജീവനക്കാർ ആരോപിക്കുന്നു. ജീവനക്കാരുടെ ശമ്പളം വൈകിപ്പിച്ച് അവരെ സർക്കാരിനെതിരെ തിരിക്കുന്ന നിലപാടാണ് സ്വകാര്യ കമ്പനി സ്വീകരിക്കുന്നതെന്ന് സിഐടിയു ആരോപിക്കുന്നു. കമ്പനിയുമായുള്ള മുൻധാരണ പ്രകാരം എല്ലാ മാസവും ഏഴാം തീയതിക്ക് മുൻപ് ശമ്പളം നൽകുമെന്നാണ് തീരുമാനമെന്നും ഇത് പലപ്പോഴും കമ്പനി പാലിക്കുന്നില്ല എന്നും ജീവനക്കാർ ആരോപിക്കുന്നു.