വയനാട് ദുരന്തം: 70-ാമത് നെഹ്റുട്രോഫി വള്ളംകളി മാറ്റിവെച്ചു

 
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ 70-ാമത് നെഹ്റുട്രോഫി വള്ളംകളി മാറ്റിവെച്ചു. സെപ്റ്റംബറിലേക്കാണു മാറ്റിയത്.
തീയതി ഉടൻ പ്രഖ്യാപിക്കും. ഏഴാംതീയതിയാകാനാണു സാധ്യത. ആഘോഷം ഒഴിവാക്കി വള്ളംകളി മാത്രം നടത്തണമെന്ന് എൻ.ടി.ബി.ആറില്‍(നെഹ്റുട്രോഫി ബോട്ട് റേസ് കമ്മിറ്റി) യോഗത്തില്‍ ചർച്ച നടന്നിരുന്നു. എന്നാല്‍, ചിലർ വള്ളംകളി മാറ്റിവെക്കണമെന്ന അഭിപ്രായക്കാരായിരുന്നു. അതിനാല്‍ തീരുമാനം സംസ്ഥാന സർക്കാരിനു വിട്ടു.
മുഖ്യമന്ത്രി പിണറായി വിജയനും ജില്ലയിലെ മന്ത്രിമാരായ പി. പ്രസാദും സജി ചെറിയാനും നടത്തിയ കൂടിയാലോചനയിലാണ് കളി മാറ്റാൻ തീരുമാനിച്ചത്. വള്ളംകളി തത്കാലത്തേക്കു മാറ്റണമെന്ന സർക്കാർ തീരുമാനം വ്യാഴാഴ്ച വൈകീട്ടോടെ ജില്ലാ ഭരണകൂടത്തെ അറിയിച്ചു. ഇതോടെ ക്ലബ്ബുകാരും തുഴച്ചില്‍ക്കാരും പ്രതിസന്ധിയിലും ആശങ്കയിലുമായി. ദുരന്തത്തിന്റെ വ്യാപ്തിയും സാഹചര്യവും അവർക്ക് അറിയാമെങ്കിലും കളി മാറ്റിവെക്കുന്നത് വലിയ സമ്പത്തിക പ്രതിസന്ധിയുണ്ടാക്കുമെന്ന് അവർ പറയുന്നു.
ദിവസം അഞ്ചുലക്ഷം രൂപവരെ മുടക്കി പരിശീലിക്കുന്ന ക്ലബ്ബുകളുണ്ട്. കോടികള്‍ ഇതിനകം മുടക്കി. സി.ബി.എല്‍. ലക്ഷ്യമാക്കിയാണ് പലരും കടംവാങ്ങിയും മറ്റും പണം മുടക്കുന്നത്. പിരിവെടുത്ത് കരക്കാരും മത്സരത്തിനായി പങ്കെടുക്കുന്നുണ്ട്.ഭക്ഷണത്തിനും താമസത്തിനും വേറെ ചെലവുണ്ട്. 
നെഹ്റുട്രോഫി 10-ന് നടത്താനായില്ലെങ്കില്‍ സി.ബി.എല്‍. മത്സരവും പ്രതിസന്ധിയിലാകും. നെഹ്റുട്രോഫി വള്ളംകളിയിലെ ആദ്യ ഒൻപതു സ്ഥാനക്കാരാണ് സി.ബി.എലില്‍ മത്സരിക്കുന്നത്.
കൂടാതെ നെഹ്റുട്രോഫി കഴിഞ്ഞയുടൻ സി.ബി.എലിന്റെ മത്സരക്കലണ്ടറും പ്രഖ്യാപിക്കണം. അതിനാല്‍ വള്ളംകളിമാറ്റിവെച്ചാല്‍ ഇതെല്ലാം വെല്ലുവിളിയാകുമെന്നാണ് ബോട്ടുകാർ പറയുന്നത്. നിലവിലെ സാഹചര്യത്തില്‍ ക്യാമ്ബ് നീട്ടേണ്ടിവരും. പിരിച്ചുവിടാനും ചിലർ തയ്യാറെടുത്തിട്ടുണ്ട്. ക്യാമ്പ് പുനരാരംഭിക്കണമെങ്കില്‍ ഇരട്ടിച്ചെലവു വേണ്ടിവരും. 
അതേസമയം ടിക്കറ്റെടുത്തവർക്ക് പുതിയ തീയതിയില്‍ വള്ളംകളി കാണാനോ റദ്ദാക്കാനോ സാധിക്കുംവിധം ക്രമീകരണം ഏർപ്പെടുത്തുമെന്ന് കളക്ടർ അലക്സ് വർഗീസ് അറിയിച്ചു.
.