മേജർ ജനറൽ പ്രദീപ് ചന്ദ്രൻ നായർക്ക് പരമവിശിഷ്ട സേവാ മെഡൽ; വൈസ് അഡ്മിറൽ എം.എ. ഹംപി ഹോളിക്കും ബഹുമതി

 

അർധസൈനിക വിഭാഗമായ അസം റൈഫിൾസിന്റെ ഡയറക്ടർ ജനറൽ മേജർ ജനറൽ പ്രദീപ് ചന്ദ്രൻ നായർ, കൊച്ചി ആസ്ഥാനമായുള്ള ദക്ഷിണ നാവിക കമാൻഡ് മേധാവി വൈസ് അഡ്മിറൽ എം.എ.ഹംപി ഹോളി എന്നിവരടക്കം 29 പേർക്ക് പ്രസിഡന്റിന്റെ പരമവിശിഷ്ട സേവാ മെഡൽ.

കോഴിക്കോട് സ്വദേശിയായ മേജർ ജനറൽ പ്രദീപ് 1985 ലാണ് കരസേനയിലെ സിഖ് റജിമെന്റിൽ ഓഫിസറായി ചേർന്നത്. സിയാച്ചിനിലടക്കം സേവനമനുഷ്ഠിച്ച ഇദ്ദേഹം അതിവിശിഷ്ട സേവാ മെഡലും യുദ്ധസേവാ മെഡലും നേടിയിട്ടുണ്ട്. 

കർണാടകയിലെ ധാർവാഡ് സ്വദേശിയായ വൈസ് അഡ്മിറൽ എം.എ.ഹംപിഹോളി നാവിക ആസ്ഥാനത്തെ ഡയറക്ടർ ജനറൽ ഓഫ് നേവൽ ഓപ്പറേഷൻസ്, ഫ്ലാഗ് ഓഫിസർ സീ ട്രെയ്നിങ് എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. 

കശ്മീരിലെ ഭീകരവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായിരുന്ന മേജർ ശുഭാംഗ് (ദോഗ്ര റെജിമെന്റ്), നായിക് ജിതേന്ദ്ര സിങ് (രജ്പുത് റെജിമെന്റ്), ജമ്മു കശ്മീർ പൊലീസിലെ കോൺസ്റ്റബിൾ രോഹിത് കുമാർ അടക്കം 6 പേർക്ക് രാജ്യത്തിന്റെ ആദരമായി കീർത്തിചക്ര ബഹുമതി. മരണാനന്തര ബഹുമതിയായി എസ്ഐ ദീപക് ഭരദ്വാജ്, ഹെഡ് കോൺസ്റ്റബിൾമാരായ സോധി നാരായൺ, ശ്രാവൺ കശ്യപ് എന്നിവർക്കും കീർത്തിചക്ര ബഹുമതി നൽകി. ക്യാപ്റ്റൻ ടി.ആർ.രാകേഷ് അടക്കം 15 പേർക്കാണ് ശൗര്യചക്ര ബഹുമതി.