കള്ളു ഷാപ്പുകളുടെ വിൽപന ഇനി ഓൺലൈനിൽ; സോഫ്റ്റ്‌വെയർ തയാറാക്കും

 

കള്ളു ഷാപ്പുകളുടെ വിൽപ്പന ലേലം ഓൺലൈനാക്കാൻ സർക്കാർ അനുമതി നൽകി. കള്ളുഷാപ്പുകൾ വിൽക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ സങ്കീർണതയും വിൽപ്പനയിൽ പങ്കെടുക്കുന്നവരുടെ തിരക്കും കാരണം തടസ്സങ്ങൾ നേരിടുന്നതിനാലാണ് ഓൺലൈനായി വിൽപ്പന നടത്താൻ തീരുമാനിച്ചത്. ഇതിനായി സോഫ്റ്റ്‌വെയർ തയാറാക്കും. അബ്കാരി ഷോപ്പ് ഡിസ്പോസൽ ചട്ടങ്ങളിലും ഭേദഗതി കൊണ്ടുവരും. സംസ്ഥാനത്ത് 5170 കള്ളുഷോപ്പുകളാണുള്ളത്.

വലിയ ഹാളുകൾ വാടകയ്ക്കെടുത്താണ് നിലവിൽ ലേലം നടത്തുന്നത്. ഹാൾ കണ്ടെത്തുന്നതിനും സൗകര്യങ്ങൾ ഒരുക്കുന്നതിനും വലിയ തുക ചെലവാകുന്നുണ്ട്. വിൽപ്പന ഓൺലൈൻ വഴിയാക്കുന്നതിനെക്കുറിച്ചു പഠിക്കാൻ സാങ്കേതിക സർവകലാശാലയെ എക്സൈസ് ചുമതലപ്പെടുത്തി. അവർ സമർപ്പിച്ച നിർദേശങ്ങൾ സി ഡാക്കിലെയും ഐടി മിഷനിലെയും എക്സൈസ് വകുപ്പിലെയും ഉദ്യോഗസ്ഥർ അടങ്ങുന്ന സമിതി പരിശോധിച്ചു. 

പദ്ധതി നടപ്പിലാക്കിയാൽ സാമ്പത്തിക ലാഭം ഉണ്ടാകുമെന്നും എക്സൈസിലെ സേവനങ്ങളെല്ലാം ഓൺലൈനിലൂടെയാക്കാൻ കഴിയുമെന്നുമുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ശുപാർശകൾ അംഗീകരിച്ചു. കഴിഞ്ഞ ജൂണിൽ സാങ്കേതിക സർവകലാശാലയുടെ നിർദേശം അംഗീകരിക്കണം എന്നാവശ്യപ്പെട്ട് എക്സൈസ് കമ്മിഷണർ സർക്കാരിനു കത്തു നൽകി. വിശദമായി പരിശോധിച്ചശേഷം സർക്കാർ അനുമതി നൽകുകയായിരുന്നു.