ബന്ദിപ്പൂരില്‍ രാത്രിയാത്ര വിലക്ക്; കേരളത്തിന്റെ ആവശ്യം കര്‍ണാടക തള്ളി

 

ബന്ദിപൂര്‍ ടൈഗര്‍ റിസര്‍വിലൂടെയുള്ള ദേശീയപാത 766ല്‍ നിലവിലുള്ള രാത്രിയാത്ര നിരോധനം നീക്കണമെന്ന കേരളത്തിന്റെ ആവശ്യം കര്‍ണാടക തള്ളി. മുഖ്യമന്ത്രി പിണറായി വിജയനും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും ബെംഗളൂരുവില്‍ നടത്തിയ ചര്‍ച്ചയിലാണ് കര്‍ണാടക നിലപാട് വ്യക്തമാക്കിയത്.

ഞാറയാഴ്ച രാവിലെ 9.30 മുതല്‍ കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫിസില്‍ നടന്ന കൂടിക്കാഴ്ച അരമണിക്കൂര്‍ നീണ്ടു. പരിസ്ഥിതി ദുര്‍ബലപ്രദേശം ഉള്‍ക്കൊള്ളുന്ന കടുവ സങ്കേതത്തിലൂടെയുള്ള രാത്രിയാത്ര നിരോധം നീക്കണമെന്നും ഇതിലൂടെ മുമ്പത്തേപോലെ രാത്രി യാത്ര അനുവദിക്കണമെന്നുമുള്ളത് കേരളത്തിന്റെ ഏറെ കാലമായുള്ള ആവശ്യമാണ്. കേരളവും കര്‍ണാടകയും സാംസ്‌കാരികമായും ഭൂമിശാസ്ത്രപരമായും ഏറെ ബന്ധമുള്ള സംസ്ഥാനങ്ങളാണെന്നും എന്നാല്‍ കടുവ സങ്കേതം ഉള്‍കൊള്ളുന്ന ദേശീയപാത 766 വഴിയുള്ള രാത്രിയാത്ര അനുവദിക്കാനാകില്ലെന്നും ചര്‍ച്ചക്ക് ശേഷം ബസവരാജ് ബൊമ്മൈ മാധ്യമങ്ങളോട് പറഞ്ഞു.