പാലക്കാട് ധോണിയിൽ ഒറ്റയാൻ പി.ടി.ഏഴാമനെ പിടികൂടി; മയക്കുവെടിവച്ചു

 

 ധോണിയിലെ ജനവാസ മേഖലയിൽ ഭീതി പരത്തുന്ന ഒറ്റയാൻ പി.ടി.ഏഴാമനെ പിടികൂടി, മയക്കുവെടിവച്ചു. മുണ്ടൂരിനും ധോണിക്കുമിടയിലെ വനാതിർത്തിക്കടുത്ത് കണ്ടെത്തിയ ഒറ്റയാൻ വനംവകുപ്പിന്റെ നിരീക്ഷണവലയത്തിലായിരുന്നു. സ്ഥലത്ത് മുത്തങ്ങയിൽ നിന്ന് വിക്രം, ഭരതന്‍, സുരേന്ദ്രൻ എന്നീ കുങ്കിയാനകളെയും എത്തിച്ചു. ചീഫ് ഫോറസ്റ്റ് വെറ്റിനറി സർജൻ അരുൺ സഖറിയ ദൗത്യസംഘത്തിന് നേതൃത്വം നൽകുന്നത്. 

ചെങ്കുത്തായ മലയിടുക്കിൽ നിലയുറപ്പിച്ചതിനെ തുടർന്ന് പി.ടി.ഏഴാമനെ പിടികൂടാനുള്ള ശ്രമം ഇന്നലെ അവസാനിപ്പിക്കുകയായിരുന്നു. ഒരു ‘തോക്ക് അകലത്തിൽ ’ പി.ടി.ഏഴാമനെ കിട്ടിയാൽ മയക്കുവെടിവച്ച് പിടികൂടി ധോണിയിലെ കൂട്ടിലെത്തിക്കാണ് നീക്കം. ഒറ്റയ്ക്കാണു പി.ടി.ഏഴാമന്‍ കാട്ടിലുള്ളത്. മയക്കുവെടി കൊണ്ടാലും അരമണിക്കൂറിനുള്ളിലാകും പൂർണമായും മയക്കം ബാധിക്കുക. നിലവിൽ തീരുമാനിച്ച പദ്ധതി പ്രകാരം 23 വരെയാണ് വേണ്ടി ഇപ്പോഴത്തെ രീതിയിലുള്ള ഓപ്പറേഷൻ നടത്തുക. അതിനുള്ളിൽ വരുതിയിലായില്ലെങ്കിൽ അടുത്ത പദ്ധതി ആസൂത്രണം ചെയ്യും.

മയക്കുമരുന്നുനിറയ്ക്കാനുള്ള തോക്കുകൾ, കയറുകൾ, പടക്കം, വോക്കിടോക്കി, ബൈനോക്കുലർ തുടങ്ങി എല്ലാ ഉപകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ബത്തേരിയിൽ പി.എം. രണ്ടാമനെ പിടികൂടാനായി ഉപയോഗിച്ച കയർ തന്നെയാണ് ധോണിയിലേക്കും കൊണ്ടുവന്നിരിക്കുന്നത്. കാട്ടിലേക്കുള്ള യാത്രയ്ക്കിടയിൽ മറ്റ് ആനകളെയും വന്യമൃഗങ്ങളെയും തുരത്തുന്നതിനാണ് പടക്കം കരുതുന്നത്. പിടിയിലായാൽ കൊമ്പന് നൽകാനുള്ള തീറ്റയും മരുന്നും റെഡിയാണ്.