ഹൈക്കോടതി ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 58 ആയി ഉയര്‍ത്തണം; സര്‍ക്കാരിന് ശുപാര്‍ശ
Nov 22, 2022, 17:40 IST
ഹൈക്കോടതി ജീവനക്കാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തണമെന്ന് സര്‍ക്കാരിന് ശുപാര്‍ശ. ജീവനക്കാരുടെ റിട്ടയര്‍മെന്റ് പ്രായം 56 വയസില്‍നിന്ന് 58 ആക്കി ഉയര്‍ത്തണമെന്നാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഹൈക്കോടതി റജിസ്ട്രാര്‍ ജനറല്‍, ശുപാര്‍ശ ആഭ്യന്തരവകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറി.
ഒക്ടോബര്‍ 25നാണ് സര്‍ക്കാരിന് ശുപാര്‍ശ കൈമാറിയത്. കോടതിയുടെ പ്രവര്‍ത്തനം കൂടുതല്‍ വേഗത്തിലാക്കാന്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്നത് സഹായിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ശുപാര്‍ശയില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടിട്ടുണ്ട്.
വിരമിക്കല്‍ പ്രായം ഉയര്‍ത്തിയാല്‍ ഗസറ്റഡ് റാങ്കിലുള്ള 40 ഉദ്യോഗസ്ഥര്‍ക്കും നോണ്‍ ഗസറ്റഡ് തസ്തികയിലുള്ള നൂറോളം ഉദ്യോഗസ്ഥര്‍ക്കും രണ്ടു വര്‍ഷം വീതം കൂടി ജോലിയില്‍ തുടരാനാകും. പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്താനുള്ള ഉത്തരവ് കടുത്ത പ്രതിഷേധത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.