ലഹരി വില്‍പ്പനയെക്കുറിച്ച് പൊലീസിന് വിവരം നല്‍കിയ വിദ്യാര്‍ഥിനിക്കും അമ്മയ്ക്കും മര്‍ദനം; അന്വേഷിച്ച് രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മന്ത്രി ശിവന്‍കുട്ടി

 

ലഹരി വില്‍പ്പനയെക്കുറിച്ച് വെഞ്ഞാറമൂട് പൊലീസിന് വിവരം നല്‍കിയ സ്‌കൂള്‍ വിദ്യാര്‍ഥിനിയെയും അമ്മയെയും വീട്ടില്‍ കയറി മര്‍ദിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. സംഭവം ഞെട്ടിക്കുന്നതാണെന്നും അന്വേഷിച്ച് രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുമാണ് നിര്‍ദേശം. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കെ ജീവന്‍ ബാബുവിനാണ് അന്വേഷണ ചുമതല.

അതേസമയം സംഭവം ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കമാണെന്നാണ് പൊലീസ് പറയുന്നത്. പ്രാഥമികാന്വേഷണത്തില്‍ വെഞ്ഞാറമൂട് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തു വീഴ്ചയുണ്ടായതായി കണ്ടെത്തിയിട്ടില്ലെന്നു തിരുവനന്തപുരം റൂറല്‍ ജില്ലാ  പൊലീസ് മേധാവി ഡി ശില്‍പ പറഞ്ഞു.

ഇന്നലെ മര്‍ദനമേറ്റ ലതിക എസ്പിക്ക് പരാതി നല്‍കിയിരുന്നു. പരാതിയില്‍ വിശദമായി അന്വേഷണം നടത്തുമെന്നും എസ്പി അറിയിച്ചു. വിദ്യാര്‍ഥിനിക്ക് സ്‌കൂളില്‍ പോകാനും  തിരികെയെത്താനും സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് പൊലീസിന് നിര്‍ദേശം നല്‍കിയതായി ബാലാവകാശ കമ്മിഷന്‍ ചെയര്‍പെഴ്‌സന്‍ കെ വി മനോജ് കുമാര്‍ പറഞ്ഞു. കമ്മിഷന്‍ വെഞ്ഞാറമൂട് പൊലീസിനോടും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കുട്ടിയെ മര്‍ദിച്ച സംഭവത്തിലും കമ്മിഷന്റെ നിര്‍ദേശപ്രകാരം വെഞ്ഞാറമൂട് പൊലീസ് കേസെടുത്തു.