പയ്യോളിയിൽ നവ വധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; അസ്വാഭാവിക മരണത്തിന് കേസ് 

 

 പയ്യോളിയിൽ നവ വധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യം. കോഴിക്കോട് ചേലിയ സ്വദേശി ആർദ്ര ബാലകൃഷ്ണനാണ് മരിച്ചത്. ഫെബ്രുവരി രണ്ടിനായിരുന്നു ആർദ്രയുടെ വിവാഹം. ഇന്നലെ രാത്രി എട്ടരയോടെയാണ് അർദ്രയെ പയ്യോളിയിലെ ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് വിവരം. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പയ്യോളി പോലീസ് കേസെടുത്തിട്ടുണ്ട്.

ശുചിമുറിയിലെ ജനാലയിൽ തൂങ്ങിയ നിലയിൽ കണ്ട ആർദ്രയെ ഈ സമയത്ത് വീട്ടിലുണ്ടായിരുന്ന ഭർത്താവ് ഷാനും അമ്മയും ചേർന്നാണ് കൊയിലാണ്ടി താലൂക് ആശുപത്രിയിൽ എത്തിച്ചത്. തൊട്ടടുത്തുള്ള നാട്ടുകാരെയും വീട്ടുകാരെയും ഷാനും അമ്മയും ആർദ്ര തൂങ്ങിയ കാര്യം അറിയിച്ചില്ലെന്ന് യുവതിയുടെ അമ്മാവൻ കുറ്റപ്പെടുത്തി.  ഇന്നലെ വൈകിട്ടും ആർദ്ര അമ്മയുമായി ഫോണിൽ സംസാരിച്ചിരുന്നെങ്കിലും പ്രശ്നങ്ങൾ ഉള്ളതായി യുവതി പറഞ്ഞിരുന്നില്ലെന്നാണ് ഇവർ പറയുന്നത്.

ഇക്കഴിഞ്ഞ ഫെബ്രുവരി രണ്ടിനായിരുന്നു ആർദ്രയും ഷാനും തമ്മിലുള്ള വിവാഹം. കോഴിക്കോട് ലോ കോളജിലെ മൂന്നാം വർഷ നിയമ വിദ്യാർത്ഥിയാണ് ആർദ്ര. വിദേശത്ത് ജോലി ചെയ്യുന്ന ഷാൻ രണ്ട് ദിവസത്തിന് ശേഷം ഗ‍ൾഫിലേക്ക് മടങ്ങിപ്പോകാൻ ഇരുന്നതാണ്. ഈ സമയത്താണ് യുവതിയുടെ അപ്രതീക്ഷിത മരണം.