ഏകസിവിൽ കോഡ് ഭരണഘടനയുടെ അന്തസത്തയെ അപകടത്തിലാക്കും; വിമർശനവുമായി കത്തോലിക്ക സഭ 

 

ഏക സിവില്‍ കോഡിന് എതിരെ എറണാകുളം അങ്കമാലി അതിരൂപതയുടെ മുഖപത്രമായ സത്യദീപം. ഏക സിവില്‍ കോഡ് ഭരണഘടനയുടെ അന്തസ്സത്തയെ അപകടപ്പെടുത്തുമെന്നാണ് വിമര്‍ശനം. തനത് സംസ്‌കാര സംരക്ഷണത്തിന്റെ ആറാം പട്ടികയില്‍ ഉള്‍പ്പെട്ട വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ഭരണഘടനാ അനുഛേദങ്ങളുടെ പിന്‍ബലമുണ്ടെന്നിരിക്കെ ഏക വ്യക്തിനിയമം രാജ്യത്ത് നടപ്പിലാക്കുന്നത് എങ്ങനെയാണെന്നും പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കെ പല സംസ്ഥാനങ്ങളിലും യുസിസി നടപ്പിലാക്കുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും സത്യദീപം വിമര്‍ശിച്ചു.

ഹിന്ദുത്വത്തില്‍ അധിഷ്ഠിതമായ ഏകത ഉറപ്പു വരുത്തുകയാണ് ഏക സിവില്‍ കോഡിന്റെ ലക്ഷ്യമെന്നും സത്യദീപം മുഖപത്രം വിമര്‍ശിക്കുന്നു. ദളിതര്‍, ഭാഷാ ന്യൂനപക്ഷങ്ങള്‍ തുടങ്ങിയവയുടെ അസ്തിത്വം തന്നെയും അസ്ഥിരമാക്കുന്ന ദൂരവ്യാപക പ്രഹരശേഷിയുള്ളതാണ് ഏകവ്യക്തിനിയമം. ഭരണഘടനാ മൂല്യങ്ങളായ മതേതരത്വവും ജനാധിപത്യവും അതിന്റെ ബഹുസ്വരസഞ്ചാരസ്വാതന്ത്ര്യം നഷ്ടപ്പെട്ട് നാനാവിധമാകും. രാഷ്ട്രശരീരത്തെ വികലമാക്കുന്ന അസംബന്ധമാണ് ഏകവ്യക്തിനിയമമെന്നുംസത്യദീപം മുഖപ്രസംഗത്തില്‍ പറയുന്നു.