തൂക്കം 4.5 കിലോ കുറഞ്ഞു; അരവിന്ദ് കേജ്രിവാളിന്റെ ആരോഗ്യം ആശങ്കാജനകമെന്ന് ആം  ആദ്മി 

 

ഈ മാസം 15വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതോടെ ഡൽഹി മുഖ്യമന്ത്രി  അരവിന്ദ് കേജ്രിവാൾ തിഹാർ ജയിലിൽ കഴിയുകയാണ്. ഡൽഹി മദ്യനയ കേസിൽ കഴിഞ്ഞ മാസം 21നാണ് അദ്ദേഹത്തെ ഇഡി അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റിലായതിന് ശേഷം കേജ്രിവാളിന്റെ ഭാരം 4.5 കിലോ കുറഞ്ഞതായി ആം ആദ്മി നേതാവും മന്ത്രിയുമായ അതിഷി മർലീന പറഞ്ഞു. ഇന്ന് രാവിലെ തന്റെ എക്‌സ് പേജിലെ പോസ്റ്റിലൂടെയാണ് അതിഷി ഇക്കാര്യം വ്യക്തമാക്കിയത്.

'കടുത്ത പ്രമേഹരോഗിയാണ് കേജ്രിവാൾ, ആരോഗ്യപ്രശ്‌നങ്ങൾക്കിടയിലും രാപ്പകലില്ലാതെ അദ്ദേഹം രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്നു. അറസ്റ്റിന് ശേഷം 4.5 കിലോ കുറഞ്ഞു. ഇത് ആശങ്കാജനകമാണ്. ബിജെപി അദ്ദേഹത്തിന്റെ ജീവൻ അപകടത്തിലാക്കുകയാണ്. അരവിന്ദ് കേജ്രിവാളിന് എന്തെങ്കിലും സംഭവിച്ചാൽ രാജ്യം മാത്രമല്ല. ദൈവം പോലും അവരോട് ക്ഷമിക്കില്ല' അതിഷി കുറിച്ചു.

എന്നാൽ ജയിലിൽ എത്തിയപ്പോൾ അദ്ദേഹത്തിന് 55 കിലോ തൂക്കം ഉണ്ടായിരുന്നുവെന്നും അതിൽ മാറ്റമില്ലാതെ തുടരുന്നുവെന്നും ജയിൽ അധികൃതർ അറിയിച്ചു. അരവിന്ദ് കേജ്രിവാളിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിൽ ആണെന്നും അദ്ദേഹം സുഖമായിരിക്കുന്നുവെന്നും അധികൃതർ വ്യക്തമാക്കി. ഉച്ച ഭക്ഷണത്തിനും അത്താഴത്തിനും വീട്ടിൽ പാകം ചെയ്ത ഭക്ഷണമാണ് മുഖ്യമന്ത്രിയ്ക്ക് നൽകുന്നത്. മുഖ്യമന്ത്രിക്ക് രണ്ട് സുരക്ഷാ ജീവനക്കാർ എപ്പോഴും കാവലുണ്ട്. സി.സി.ടി.വി ക്യാമറകളിലൂടെ നിരന്തര നിരീക്ഷണത്തിലുമാണ്. അദ്ദേഹത്തിന് രാത്രിയിൽ ഉറക്കം കുറവായിരുന്നുവെന്നും എഴുന്നേറ്റിരുന്ന് നേരം വെളിപ്പിച്ചെന്നുമാണ് റിപ്പോർട്ടുകൾ.