അധികാരത്തിലെത്തിയാൽ തെരഞ്ഞെടുപ്പ് കമ്മീഷണർമാർക്കെതിരെ നടപടിയെടുക്കും: ഡൽഹി റാലിയിൽ രാഹുൽ ഗാന്ധി

 

വോട്ട് കൊള്ളയ്ക്കെതിരെ ഡൽഹിയിൽ കോൺഗ്രസ് സംഘടിപ്പിച്ച മഹാറാലിയിൽ പ്രസംഗിക്കവെ, അധികാരത്തിലെത്തിയാൽ നിലവിലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർമാർക്കെതിരെ നടപടിയെടുക്കുമെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു. രാജ്യത്ത് നടക്കുന്ന വോട്ട് കൊള്ള തുറന്നു കാട്ടുന്നതായിരുന്നു ഡൽഹിയിലെ രാംലീല മൈതാനത്ത് നടന്ന മഹാറാലി. സത്യമെന്ന ആശയത്തിൽ ആർ.എസ്.എസും ബി.ജെ.പി.യും വിശ്വസിക്കുന്നില്ലെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. അധികാരത്തിലെത്തിയാൽ തെരഞ്ഞെടുപ്പ് കമ്മീഷനുള്ള സംരക്ഷണം ഒഴിവാക്കി ഗ്യാനേഷ് കുമാർ അടക്കമുള്ളവർക്കെതിരെ നടപടിയെടുക്കുമെന്ന് രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി.

ബി.ജെ.പി.യുടെ ആത്മവിശ്വാസം നഷ്ടമായെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. വോട്ട് കൊള്ളയ്ക്ക് എതിരായ പ്രതിഷേധം പ്രധാനമന്ത്രിയുടെ വസതിവരെ എത്തണമെന്ന് അവർ ആഹ്വാനം ചെയ്തു. ഇതിനിടയിൽ കേരളത്തിൽ എൻ.ഡി.എ.യെ തകർത്തെറിഞ്ഞ നേതൃത്വത്തിന് മല്ലികാർജുൻ ഖാർഗെയും പ്രിയങ്ക ഗാന്ധിയും അഭിനന്ദനങ്ങൾ അറിയിച്ചു. അഞ്ച് കോടിയിലധികം പേർ ഒപ്പിട്ട വോട്ട് കൊള്ളയ്‌ക്കെതിരായ നിവേദനം ഉടൻ രാഷ്ട്രപതിക്ക് സമർപ്പിക്കുമെന്നും കോൺഗ്രസ് അറിയിച്ചു. പ്രതിഷേധത്തിൽ പങ്കെടുക്കാൻ പതിനായിരങ്ങളാണ് ഡൽഹി രാംലീല മൈതാനത്ത് എത്തിയത്.