നടിയുടെ ലൈം​ഗിക പീഡന പരാതി; മുഖ്യമന്ത്രിക്ക് വിശദീകരണം നൽകി നടൻ മുകേഷ്; 'ആരോപണം ശരിയല്ല

 

നടിയുടെ ലൈം​ഗിക പീഡന പരാതിയുടെ പശ്ചാത്തലത്തിൽ പ്രതിഷേധം കനത്തതോടെ മുഖ്യമന്ത്രി പിണറായി വിജയന് വിശദീകരണം നൽകി നടനും എംഎൽഎയുമായ മുകേഷ്. തനിക്കെതിരെ ഉയർന്ന ആരോപണത്തിൽ മുകേഷ് മുഖ്യമന്ത്രിയ്ക്ക് വിശദീകരണം നൽകിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ആരോപണം ശരിയല്ലെന്നും പരാതിക്കാരി തന്നെ ഭീഷണിപ്പെടുത്തിയെന്നുമാണ് മുകേഷ് പറയുന്നത്. നടി അയച്ച വാട്സ്അപ്പ് സന്ദേശങ്ങൾ കൈവശം ഉണ്ടെന്നും മുകേഷ് മുഖ്യമന്ത്രിയെ അറിയിച്ചു. ഇന്നലെയാണ് മുകേഷ് വിശദീകരണം നൽകിയത്. രാജിയ്ക്കായി പ്രതിപക്ഷമുൾപ്പെടെ പ്രതിഷേധം ശക്തമാക്കുന്നതിനിടയിലാണ് വിശദീകരണം നൽകിയത്. 

അതേസമയം, മുകേഷിന്റെ രാജിയാവശ്യത്തിൽ സിപിഎമ്മിൽ ചർച്ചകൾ സജീവമാവുകയാണ്. നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ മുകേഷ് എംഎല്‍എയ്ക്കെതിരെ പൊലീസ് കേസെടുത്തിട്ടും രാജിയാവശ്യം അംഗീകരിക്കാതെയാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജൻ പ്രതികരിച്ചത്. സമാനമായ പരാതിയില്‍ നേരത്തെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചില്ലലോയെന്ന് ചോദിച്ചുകൊണ്ടാണ് മുകേഷിന്‍റെ രാജിയാവശ്യം ഇപി ജയരാജൻ തള്ളിയത്. മുകേഷിനെതിരെ കേസെടുത്തത് ധാര്‍മികമായ നിലപാടാണെന്നും ഇപി ജയരാജൻ പറഞ്ഞു. സംസ്ഥാന സർക്കാർ സ്ത്രീ സംരക്ഷണത്തിനു സ്വീകരിച്ചത് ചരിത്ര നടപടിയാണ്. മുഖം നോക്കാതെയാണ് ശക്തമായ നടപടിയെടുത്തത്. പൊലീസ് നടപടിയും സ്വീകരിച്ചുവരുകയാണ്.