നടന്‍ ജയസൂര്യയ്ക്കെതിരെ പരാതി നല്‍കിയ നടിക്ക് ഫേസ്ബുക്കിലൂടെ ഭീഷണി; സന്ദേശം പുറത്ത് വിട്ട് നടി 

 

 

നടന്‍ ജയസൂര്യയ്ക്കെതിരെ പരാതി നല്‍കിയ നടിക്ക് ഫേസ്ബുക്കിലൂടെ ഭീഷണി. നടി തന്നെയാണ് മെസഞ്ചറില്‍ വന്ന ഭീഷണി സന്ദേശം പുറത്തുവിട്ടത്. അന്വേഷണ സംഘത്തിന്‍റെ ഉത്തരവ് സ്ക്രീന്‍ ഷോട്ട്. ബാക്കി അവര് നോക്കിക്കൊള്ളും, ഉറവിടവും എന്ന ക്യാപ്ഷനിലാണ് സന്ദേശം നടി പങ്കുവച്ചത്.

"ഡീ വല്ല കള്ള കേസും ആണെങ്കിൽ പിന്നെ ഉള്ളത് ഞങ്ങൾ തീരുമാനിക്കും ഞങ്ങൾക്ക് ജയേട്ടൻ ആണ് വലുത് നിന്‍റെ ഫുൾ ഡീറ്റെയിൽസ് നമുക്ക് അറിയാം അതൊക്കെ ന്യൂസ് ചാനൽ വഴി പുറത്തേക്ക് വിടും" എന്നാണ് സ്ക്രീന്‍ ഷോട്ടില്‍ ഉള്ളത്.

നടിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയിൽ നടൻ ജയസൂര്യക്കെതിരെ കഴിഞ്ഞ ദിവസമാണ് പൊലീസ് കേസെടുത്തത്. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ജയസൂര്യക്ക് എതിരെ കേസെടുത്തത്. സെക്രട്ടേറിയറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവച്ച് കടന്നുപിടിച്ച് ലൈംഗികമായി അതിക്രമം നടത്തിയതിന് ഐ പി സി 354, 354 A, 509 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമം, സ്ത്രിത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾക്കൊപ്പമാണ് ജാമ്യമില്ലാ വകുപ്പും ചുമത്തിയിരിക്കുന്നത്.