ആർഎസ്എസ് ജനറൽ സെക്രട്ടറിയെ കാണാൻ എഡിജിപി അജിത് കുമാറിനെ പറഞ്ഞയച്ചിരുന്നോ?; മുഖ്യമന്ത്രി മറുപടി പറയണമെന്ന് സതീശൻ

 

എഡിജിപി എം.ആർ. അജിത് കുമാർ മുഖാന്തരം മുഖ്യമന്ത്രി പിണറായി വിജയൻ ആർഎസ്എസുമായി ചർച്ചനടത്തിയെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തൃശ്ശൂർപൂരം അജിത് കുമാറിനെ വെച്ച് കലക്കിയതിന് പിന്നിലും മുഖ്യമന്ത്രിയാണെന്ന് സതീശൻ ആരോപിച്ചു.

'2023 മെയ് 20 മുതൽ 22 വരെ തൃശ്ശൂർ പാറമേക്കാവ് വിദ്യാമന്ദിർ സ്‌കൂളിൽവെച്ച് ആർഎസ്എസിന്റെ ക്യാമ്പ് നടന്നിരുന്നു. ആ ക്യാമ്പിൽ ആർ.എസ്.എസ്. ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബളെ പങ്കെടുത്തിരുന്നു. അയാളെ കാണാൻ എഡിജിപി അജിത് കുമാറിനെ മുഖ്യമന്ത്രി പറഞ്ഞയച്ചിരുന്നോ', മുഖ്യമന്ത്രി മറുപടി പറയണമെന്ന് സതീശൻ പറഞ്ഞു.

ഹോട്ടൽ ഹയാത്തിൽ സ്വന്തം കാർ പാർക്ക് ചെയ്തശേഷം മറ്റൊരു സ്വകാര്യ കാറിലാണ് എഡിജിപി ആർഎസ്എസ് ജനറൽ സെക്രട്ടറിയെ കാണാൻ പോയത്. ഒരു മണിക്കൂർ ഇരുവരും കൂടിക്കാഴ്ച നടത്തി. ക്രമസമാധാന ചുമതലയുള്ള എഡിജിപി വഴി മുഖ്യമന്ത്രി എന്ത് കാര്യമാണ് ആർഎസ്എസ് ജനറൽ സെക്രട്ടറിയോട് സംവദിച്ചതെന്ന് അറിയണം. ഏത് വിഷയം തീർക്കാനാണ് ഇവർ ചർച്ചനടത്തിയത്. തിരുവനന്തപുരത്തുള്ള ഒരു ആർഎസ്എസ് നേതാവാണ് ഇതിൽ ഇടനില നിന്നത്. ആ ബന്ധമാണ് തൃശ്ശൂരിൽ പിന്നീട് തുടർന്നത്. തൃശ്ശൂർ പൂരം പോലീസ് കലക്കിയെന്നുള്ള ഗുരുതര ആരോപണം ഇപ്പോൾ ഭരണപക്ഷത്തുനിന്നുതന്നെ സമ്മതിച്ചിരിക്കുകയാണെന്നും സതീശൻ പറഞ്ഞു.

'തൃശ്ശൂരിലെ പോലീസ് കമ്മിഷണർ അഴിഞ്ഞാടിയത് രാവിലെ 11 മുതൽ പിറ്റേദിവസം ഏഴ് വരെയാണ്. ഈ സമയത്ത് അദ്ദേഹത്തിന്റെ മേലുദ്യോഗസ്ഥനായ എഡിജിപി അജിത്കുമാർ തൃശ്ശൂരിലുണ്ടായിരുന്നു. എന്നിട്ട് എന്തുകൊണ്ട് ഇടപെട്ടില്ല. സംസ്ഥാനത്ത് അത്രയും വലിയ ആൾക്കൂട്ടം എത്തുന്ന പരിപാടി സ്വാഭാവികമായി ക്രമസമാധാന ചുമതലയുള്ള എഡിജിപി നിരീക്ഷിച്ചുകൊണ്ടിരിക്കണമല്ലോ..എന്നിട്ട് എന്തുകൊണ്ട് ഇടപെട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. തൃശ്ശൂർ പൂരം കലക്കി ബിജെപിക്ക് വിജയിക്കാൻ അവസരമൊരുക്കിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടുകൂടിയാണ്. അതിന് നേതൃത്വം നൽകിയ ആളാണ് എഡിജിപി', സതീശൻ കൂട്ടിച്ചേർത്തു.