ഉമ്മൻചാണ്ടിയുടെ പേര് കത്തിൽ എഴുതിച്ചേർത്തത്, മുഖ്യ സൂത്രധാരർ ഗണേശ് കുമാറും ശരണ്യ മനോജും: അഡ്വ ഫെനി ബാലകൃഷ്ണൻ

 

സോളാർ പീഡനക്കേസിൽ അതിജീവിത കത്തെഴുതിയിട്ടില്ലെന്ന് അഡ്വ ഫെനി ബാലകൃഷ്ണന്റെ വെളിപ്പെടുത്തൽ. അതിജീവിത നൽകിയത് പരാതിയുടെ ഡ്രാഫ്റ്റാണെന്നും ഈ ഡ്രാഫ്റ്റ് ബാലകൃഷ്ണപ്പിള്ളയുടെ വീട്ടിലേക്ക് കൊണ്ടുപോയെന്നും ഫെനി ബാലകൃഷ്ണൻ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. 

അതിജീവിതയുടേതെന്ന് പറയുന്ന കത്തിൽ ഉമ്മൻചാണ്ടിയുടെയും ജോസ് കെ മാണിയുടെയും പേര് എഴുതിച്ചേർത്തത് ശരണ്യ മനോജാണ്. കെബി ഗണേശ് കുമാറും ശരണ്യാ മനോജുമാണ് മുഖ്യസൂത്രധാരന്മാരെന്നും അതിജീവിതയുടെ അഭിഭാഷകൻ കൂടിയായ ഫെനി ബാലകൃഷ്ണൻ വെളിപ്പെടുത്തുന്നു.

'കെബി ഗണേശ് കുമാറിന്റെ നിർദ്ദേശ പ്രകാരം ശരണ്യാ മനോജും പ്രദീപും ചേർന്നാണ് ഉമ്മൻചാണ്ടിയുടെയും ജോസ് കെ മാണിയുടെയും പേര് എഴുതിച്ചേർത്തത്. ജയിൽ മോചിതനായ പരാതിക്കാരി നേരെ പോകുന്നത് ശരണ്യ മനോജിന്റെ വീട്ടിലേക്കാണ്. ആറ് മാസം അവിടെ താമസിച്ചു. ഗണേശ് കുമാർ മന്ത്രിയാകില്ലെന്ന് കണ്ടപ്പോഴാണ് ഉമ്മൻചാണ്ടിയെ അപകീർത്തിപ്പെടുത്താൻ അദ്ദേഹത്തിന്റെ പേര് എഴുതിച്ചേർത്തത്. കൊട്ടാരക്കര-തിരുവനന്തപുരം റൂട്ടിൽ വച്ച് കാറിലിരുന്നാണ് പേരുകൾ എഴുതിച്ചേർത്തത്. ആ കത്ത് വച്ചാണ് പരാതിക്കാരി പത്രസമ്മേളനം നടത്തുന്നത്'- ഫെനി ബാലകൃഷ്ണൻ പറഞ്ഞു.

സിഡി അടക്കമുള്ള പല തെളുവുകളും തന്റെ കയ്യിലുണ്ട്. അത് ലഭിക്കാൻ പലരും സമീപിച്ചിരുന്നു. പബ്ലിക്ക് പ്രോസിക്യൂട്ടർ സ്ഥാനം വരെ എനിക്ക് ഗണേശ് കുമാർ വാഗ്ദാനം ചെയ്തിരുന്നു. പരാതിക്കാരിക്ക് വേണ്ടി വക്കീൽ ഫീസ് നൽകിക്കൊണ്ടിരുന്നത് ഗണേശ് കുമാറിന്റെ പിഎയാണെന്നും ഫെനി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.