കർണാടകയിൽ നാൽപ്പത് ആണെങ്കിൽ ഇവിടെ എൺപത് ശതമാനം കമ്മീഷനാണ്; മുഖ്യമന്ത്രി കരാറുകാരുടെ കമ്മീഷൻ ഏജന്റോ?; ചെന്നിത്തല

 

എഐ ക്യാമറ വിവാദത്തിൽ വീണ്ടും മുഖ്യമന്ത്രിക്കെതിരെ രമേശ് ചെന്നിത്തല. ആരോപണം ഉന്നയിച്ച നാൾ മുതൽ ഇന്നുവരെ മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല. പൊതുയോഗങ്ങളിൽ മുഖ്യമന്ത്രി സംസാരിച്ചത് കേട്ടപ്പോൾ കരാറുകരുടെയും ഉപകാരരുകരുടെയും കമ്മിഷൻ ഏജന്റ് ആണെന്ന് തോന്നിയെന്നും ചെന്നിത്തല പരിഹസിച്ചു. രേഖകൾ ഉയർത്തിയാണ് താനും പ്രതിപക്ഷ നേതാവും ആരോപണം ഉന്നയിച്ചത്. കരാർ കിട്ടാത്ത കമ്പനി അല്ല ഈ വിവരങ്ങൾ പുറത്തുവിട്ടത്. 

അൽ ഹിന്ദും ലൈറ്റ് മാസ്റ്ററും പിന്മാറിയത് ഇതു അഴിമതി ആണെന്ന് ബോധ്യപ്പെട്ടത് കൊണ്ടാണ്. മുൻകൂട്ടി ഉള്ള തിരക്കഥ അനുസരിച്ചാണ് എസ്ആർഐടിക്ക് കരാർ കിട്ടിയത്. എസ്ആർഐടി തനിക്ക് എതിരെ വക്കിൽ നോട്ടീസ് അയച്ചിട്ടുണ്ട്. നോട്ടീസ് സ്വാഗതം ചെയ്യുന്നുവെന്നും ചെന്നിത്തല പറഞ്ഞു. എസ്ആർഐടിയുടെ കള്ളക്കളി താൻ പുറത്തു കൊണ്ടുവരും. വ്യവസായ വകുപ്പ് സെക്രട്ടറി അന്വേഷണത്തിന് ചുമതലപ്പെടുത്തിയിട്ട് ആഴ്ചകൾ കഴിഞ്ഞിട്ടും റിപ്പോർട്ട് വന്നിട്ടില്ല. തട്ടിപ്പ് ആയതുകൊണ്ടാണ് റിപ്പോർട്ട് പുറത്തു വരാത്തത്. കർണാടകത്തിൽ 40 ശതമാനം കമ്മിഷൻ എങ്കിൽ ഇവിടെ 80 ശതമാനം കമ്മിഷൻ ആണ്. കെൽട്രോണിനെ വെള്ള പൂശി സെക്രട്ടറിക്ക് റിപ്പോർട്ട് നൽകാൻ ആകില്ല. ഇതിന്റെ ഗുണഭോക്താക്കൾ മുഖ്യമന്ത്രിയുടെ ബന്ധുക്കൾ ആയതു കൊണ്ടാണ് ക്യാബിനറ്റ് നിയമവിരുദ്ധമായ കരാർ അംഗീകരിച്ചത്. മടിയിൽ കനമുള്ളത് കൊണ്ടല്ലേ മുഖ്യമന്ത്രി പ്രതികരിക്കാത്തത്. സിപിഎം സംസ്ഥാന സെക്രട്ടറി മുഖ്യമന്ത്രിയുടെ അഴിമതിയെ ന്യായീകരിക്കുകയാണ്. എഐ ക്യാമറാ അഴിമതിക്കെതിരായ പോരാട്ടവുമായി മുന്നോട്ട് പോകും. അടിയന്തിരമായി കരാർ റദ്ധാക്കണം. എന്നാൽ സേഫ് കേരള പദ്ധതിക്ക് തങ്ങൾ എതിരല്ലെന്നും ചെന്നിത്തല പറഞ്ഞു.