തിരുവനന്തപുരത്ത് വെടിവയ്പ്; മുഖം മറച്ച് എത്തിയ സ്ത്രീ മറ്റൊരു സ്ത്രീയെ വെടിവച്ചു

 

തിരുവനന്തപുരത്ത് വഞ്ചിയൂർ പടിഞ്ഞാറെകോട്ടയിൽ വെടിവയ്പ്. മുഖം മറച്ച് എത്തിയ സ്ത്രീയാണ് എയർഗൺ ഉപയോഗിച്ച് മറ്റൊരു സ്ത്രീയെ വെടിവച്ചത്. പടിഞ്ഞാറെകോട്ട ചെമ്പകശ്ശേരി റസിഡൻസ് അസോസിയേഷനിലെ 'പങ്കജ്' വീട്ടിൽ സിനിക്ക് പരുക്കേറ്റു. ഇവരെ ചാക്കയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല.

സിനിയുടെ വീട്ടിൽ എത്തിയായിരുന്നു ആക്രമണം. കുറിയർ നൽകാനെന്ന പേരിൽ എത്തിയ യുവതിയാണ് വെടിവച്ചത്. ആക്രമണത്തിന് പിന്നാലെ ഇവർ ഓടി രക്ഷപ്പെട്ടു. ഞായറാഴ്ച രാവിലെ 8.30ന് സ്ത്രീ, കുറിയറുമായി വീട്ടിലെത്തി. മേൽവിലാസം പരിശോധിച്ചശേഷം തോക്കെടുത്ത് സിനിയെ വെടിവയ്ക്കുകയായിരുന്നു. സംഭവ സമയത്ത് സിനി മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. വെടിവയ്പ്പിനുള്ള കാരണത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.