എകെജി സെന്റര്‍ ആക്രമണം; ജിതിന്‍ കുറ്റം സമ്മതിച്ചെന്ന് ക്രൈംബ്രാഞ്ച്

 


എകെജി സെന്റര്‍ ആക്രമണ കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജിതിന്‍ കുറ്റം സമ്മതിച്ചെന്ന് ക്രൈംബ്രാഞ്ച്. ജിതിന് സ്‌കൂട്ടര്‍ എത്തിച്ചുനല്‍കിയത് മറ്റൊരാളെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തില്‍ മറ്റൊരാള്‍ക്ക് കൂടി പങ്കുണ്ടോ എന്ന് അന്വേഷിക്കും. ജിതിന്‍ ഉപയോഗിച്ച സ്‌കൂട്ടറും വസ്ത്രവും കണ്ടെത്താനായില്ല.

പ്രതിയുടെ കാര്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കെഎസ്ഇബിക്ക് വേണ്ടി കരാര്‍ അടിസ്ഥാനത്തില്‍ വാടകയ്ക്ക് നല്‍കിയിരിക്കുകയായിരുന്നു വാഹനം. ആ കാറിലാണ് ആക്രമണത്തിന് ശേഷം ജിതിന്‍ മടങ്ങിയത്.

ജിതിന്റെ അറസ്റ്റിന് പിന്നാലെ കോണ്‍ഗ്രസുകാരനെ പ്രതിയാക്കണമെന്ന സിപിഐഎം അജണ്ടയുടെ ഭാഗമാണെന്ന പ്രതികരണവുമായി ഷാഫി പറമ്പില്‍ രംഗത്തെത്തി. യൂത്ത് കോണ്‍ഗ്രസിന്റെ പല നേതാക്കളെയും ഭാവനയില്‍ പ്രതി ചേര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസുകാര്‍ ഉണ്ടായിരുന്നെങ്കില്‍ ഇത്രയും നാള്‍ കാത്ത് നില്‍ക്കുമായിരുന്നോ എന്നും രാഹുല്‍ ഗാന്ധിയുടെ യാത്രക്ക് കേരളം നല്‍കുന്ന സ്വീകാര്യതയുടെ അസ്വസ്ഥതയാണ് അറസ്റ്റെന്നും ഷാഫി പറമ്പില്‍ പ്രതികരിച്ചു.


.