അൽ ഐൻ പുസ്തകോത്സവത്തിന് ഇന്ന് തുടക്കം

 

16-ാമത് അൽ ഐൻ പുസ്തകോത്സവത്തിന് ഇന്ന് തുടക്കമായി. അബുദാബി അറബിക് ലാംഗ്വേജ് സെന്ററിന്റെ (ALC) ആഭിമുഖ്യത്തിൽ നവംബർ 30 വരെയാണ് പുസ്തകോത്സവം നടക്കുക. അൽ ഐൻ ഭരണാധികാരിയുടെ പ്രതിനിധിയായ ശൈഖ് ഹസ്സ ബിൻ സായിദ് അൽ നഹ്‌യാൻ ആണ് മേളയ്ക്ക് രക്ഷാകർതൃത്വം വഹിക്കുന്നത്. അൽ ഐൻ സ്‌ക്വയർ – ഹസ്സ ബിൻ സായിദ് സ്റ്റേഡിയത്തിലാണ് പ്രധാന വേദിയൊരുക്കിയിരിക്കുന്നത്. സാഹിത്യം, കവിത, സർഗാത്മകത എന്നീ രംഗങ്ങളിലെ ശ്രദ്ധേയമായ പരിപാടികൾ ഫെസ്റ്റിവലിൽ അരങ്ങേറും.

ഹസ്സ ബിൻ സായിദ് സ്റ്റേഡിയത്തിലെ പ്രധാന വേദിക്ക് പുറമേ, ഖസർ അൽ മുവൈജി, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ അൽ ഐനിലെ പ്രധാന സാംസ്‌കാരിക കേന്ദ്രങ്ങളിലും പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ഈ വർഷത്തെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് അൽ ഐൻ സ്‌ക്വയറിലെ 'ഫ്ളേവർഫുൾ നൈറ്റ്സ്'. അൽ ഐൻ സ്പോർട്‌സ് ആൻഡ് കൾച്ചറൽ ക്ലബ്ബുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന 'ഓൺ ദി പാത്ത് ഓഫ് നോളജ്, വി ഗാതർ' എന്ന പരിപാടിയും സുപ്രധാനമാണ്.

'പോയട്രി നൈറ്റ്സ്: ദി സംഗ് വേഡ്' എന്ന കവിതാ സന്ധ്യയുടെ നാലാം പതിപ്പ് ഖസർ അൽ മുവൈജിയിൽ നടക്കും. എട്ട് ദിവസം വൈകുന്നേരങ്ങളിൽ നടക്കുന്ന ഈ പരിപാടിയിൽ പ്രമുഖ ഇമാറാത്തി, ഗൾഫ് കവികൾ പങ്കെടുക്കും. സാഹിത്യ-വിജ്ഞാന സെഷനുകൾ, സാംസ്‌കാരിക സംവാദങ്ങൾ, പ്രകടനങ്ങൾ, പൈതൃക പരിപാടികൾ, കുട്ടികൾക്കായുള്ള പരിപാടികൾ എന്നിങ്ങനെ 200-ൽ അധികം പരിപാടികൾ പുസ്തകോത്സവത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഈ വർഷം പുസ്തകോത്സവത്തിൽ പങ്കെടുക്കുന്ന പ്രസാധകരുടെ എണ്ണത്തിൽ 10 ശതമാനം വർധനവുണ്ടായി. ആകെ 220 പ്രസാധകരാണ് പങ്കെടുക്കുന്നത്. ഇവരിൽ 18 ശതമാനം പേർ ആദ്യമായി മേളയിൽ പങ്കെടുക്കുന്നവരാണ്.