തൃശൂരിലും ഡീൽ ആരോപണം; 'സുരേഷ് ​ഗോപി നൽകിയ എട്ട് കോടി ടി.എൻ. പ്രതാപൻ വിതരണം ചെയ്തു, പണമെത്തിച്ചത് മകന്റെ വാഹനത്തിൽ'

 

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കവെ തൃശ്ശൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി ടി.എൻ. പ്രതാപനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് രംഗത്തെത്തി. നാട്ടികയിലെ കോൺഗ്രസ് വൈസ് പ്രസിഡന്റ് ഫിറോസാണ് പ്രതാപനെതിരെ ആരോപണമുന്നയിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയെ സഹായിച്ചുവെന്നും ഇതിനായി ലഭിച്ച എട്ട് കോടി രൂപ മണ്ഡലങ്ങളിൽ വിതരണം ചെയ്തുവെന്നുമാണ് ഫിറോസിന്റെ വാദം.

പ്രതാപന്റെ മകന്റെ വാഹനത്തിലാണ് ഈ പണം എത്തിച്ചതെന്നും ഡിസിസിയിലെ ചില ഭാരവാഹികൾക്കും മണ്ഡലം നേതാക്കൾക്കുമാണ് ഇത് നൽകിയതെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപിയുമായി പ്രതാപൻ രഹസ്യ ധാരണയുണ്ടാക്കിയിട്ടുണ്ടെന്നും ഗുരുവായൂരിൽ ബി. ഗോപാലകൃഷ്ണനെ സഹായിക്കാൻ കരാറുണ്ടെന്നും ഫിറോസ് ആരോപിച്ചു. വാടാനപ്പള്ളിയിലെ കിറ്റ് വിവാദം പോലും പ്രതാപനും ബിജെപിയും ചേർന്നുള്ള ഒത്തുകളിയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ വെച്ചാണ് ഫിറോസ് ഈ ആരോപണങ്ങൾ ഉന്നയിച്ചത്. ഇതോടെ ഫിറോസ് സിപിഎമ്മിന് വേണ്ടി പ്രവർത്തിക്കുകയാണെന്ന് യുഡിഎഫ് പ്രവർത്തകർ കുറ്റപ്പെടുത്തി. വാടാനപ്പള്ളിയിൽ നിന്ന് 4,000 കിറ്റുകൾ പിടിച്ചെടുത്ത സംഭവത്തിൽ ബിജെപി പ്രവർത്തകൻ സതീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഈ സാഹചര്യത്തിൽ ഉയർന്ന പുതിയ വെളിപ്പെടുത്തലുകൾ തൃശ്ശൂരിലെ രാഷ്ട്രീയ ചർച്ചകളിൽ പ്രധാനമായിട്ടുണ്ട്. ആരോപണങ്ങളിൽ പ്രതാപനോ ബിജെപിയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.