മണിപ്പുരിലെ സ്ഥിതി​ഗതികൾ രൂക്ഷം; മഹാരാഷ്ട്രയിലെ റാലികൾ റദ്ദാക്കി അമിത് ഷാ ഡൽഹിയിലേക്ക് മടങ്ങി

 

മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് റാലികൾ റദ്ദാക്കി ഡൽഹിയിലേക്ക് മടങ്ങി ആഭ്യന്തരമന്ത്രി അമിത് ഷാ. മണിപ്പുരിലെ സ്ഥിതി​ഗതികൾ രൂക്ഷമായി തുടരുന്നതിനാലാണ് മന്ത്രി തലസ്ഥാനത്തേക്ക് തിരിച്ചത്. മൂന്ന് അസംബ്ലി മണ്ഡലങ്ങളിൽ പൊതുയോ​ഗങ്ങളെ അഭിസംബോധന ചെയ്യാനിരിക്കെയാണ് പരിപാടികൾ റദ്ദാക്കി അമിത് ഷാ മടങ്ങിയത്.

ദുരിതാശ്വാസക്യാമ്പിൽനിന്ന്‌ സായുധസംഘം തട്ടിക്കൊണ്ടുപോയ ആറുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതോടെയാണ് മണിപ്പുരിൽ വീണ്ടും സംഘർഷം രൂക്ഷമായത്. കൊല്ലപ്പെട്ടവർക്ക് നീതി ഉറപ്പാക്കണമെന്ന ആവശ്യവുമായി പ്രതിഷേധത്തിനിറങ്ങിയവർ ഇംഫാലിൽ രണ്ടു മന്ത്രിമാരുടെയും മൂന്ന് എം. എൽ.എ.മാരുടെയും വീടുകൾ ആക്രമിച്ചു. വ്യാപക അക്രമങ്ങൾ ഉണ്ടായതോടെ സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചു.

ആക്രമണങ്ങൾക്ക് പിന്നിലെ കുറ്റവാളികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ടാണ് പ്രക്ഷോഭകർ രം​ഗത്തിറങ്ങിയത്. ഒരുസ്ത്രീയുടെയും രണ്ടുകുട്ടികളുടെയും മൃതദേഹം കണ്ടെത്തിയ സംഭവത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്തണമെന്നും ആളുകൾ ആവശ്യപ്പെടുന്നുണ്ട്. മണിപ്പുർ-അസം അതിർത്തിപ്രദേശമായ ജരിബാം ജില്ലയിലെ ജിമുഖ് ഗ്രാമത്തിലാണ്‌ മൃതദേഹങ്ങൾ കണ്ടെത്തിയത്. കുക്കി സായുധസംഘങ്ങളാണ് ഇവരെ തട്ടികൊണ്ടുപോയെതെന്നാണ് മെയ്ത്തിവിഭാഗത്തിന്റെ ആരോപണം.