അൻവറിൻ്റെ ആരോപണങ്ങൾ ഗുരുതരം, പരസ്യമായി ഉന്നയിച്ചത് ശരിയായില്ല'; സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിൽ വിമർശനം
Sep 6, 2024, 18:05 IST
പിവി അൻവർ എംഎൽഎ സംസ്ഥാന പൊലീസിൽ എഡിജിപി അടക്കമുള്ള ഉദ്യോഗസ്ഥർക്കും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കുമെതിരെ ഉന്നയിച്ച ആരോപണങ്ങൾ ഗുരുതരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ വിലയിരുത്തൽ. സെക്രട്ടേറിയേറ്റ് യോഗത്തിൽ പങ്കെടുത്ത ഭൂരിഭാഗം അംഗങ്ങളും ഈ നിലപാട് ഉന്നയിച്ചു.
പരാതി പാർട്ടി അന്വേഷിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. എന്നാൽ പൊതുവായ പരിശോധനക്ക് അപ്പുറം അന്വേഷണത്തിന് പാർട്ടിയുടെ പ്രത്യേക സമിതി ഉണ്ടാകില്ലെന്നാണ് നേതാക്കളിൽ നിന്ന് ലഭിക്കുന്ന സൂചന. അൻവർ ഉന്നയിച്ച വിഷയങ്ങൾ ശരിയാണെന്ന തോന്നൽ ജനങ്ങൾക്കിടയിൽ ഉണ്ടെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. അതേസമയം പരാതി ആദ്യം പാർട്ടിയിൽ പറയാതെ പരസ്യമായി പ്രതികരിച്ചത് ശരിയായില്ലെന്നും ചില അംഗങ്ങൾ കുറ്റപ്പെടുത്തി.