വിസി നിയമനം; സർക്കാരുമായി ഗവർണർ ചർച്ച ചെയ്യുന്നില്ല, നിയമനടപടിയുമായി മുന്നോട്ട് പോകും: മന്ത്രി ആർ ബിന്ദു

 

 സാങ്കേതിക ഡിജിറ്റൽ സ‌‍‌‍‍ർവകലാശാലയിലെ വിസി നിയമനത്തിൽ പ്രതിക്ഷേധം ശക്തമാക്കി സർക്കാർ. സംസ്ഥാന സർക്കാറുമായി കൂടിയാലോചിക്കാത്ത വിസി നിയമനത്തിൽ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് സർക്കാറിൻ്റെ തീരുമാനമെന്ന് അറിയിച്ച് മന്ത്രി ആർ ബിന്ദു.

'വിസി നിയമനവവുമായി ബന്ധപ്പെട്ട് യാതൊരു വിഷയവും സംസ്ഥാന സർക്കാരുമായി ഗവർണർ ചർച്ച ചെയ്യുന്നില്ല. മാത്രമല്ല കെടിയുവിൻ്റെ ആക്ടിൽ പറയുന്ന പോലെ സംസ്ഥാന സർക്കാർ നൽകുന്ന പാനലിൽ നിന്ന് വിസിയെ ‌നിയമിക്കുക എന്നത് പാലിക്കുന്നി'ല്ലെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു കുറ്റപ്പെടുത്തി. ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടത്തേണ്ട ഇടപ്പെടലുകളെ സംബന്ധിച്ച ഗവർണർ എടുക്കുന്ന എല്ലാ സമീപനങ്ങളും വ്യവസ്ഥാപിതമായ കാര്യങ്ങൾക്ക് നിരക്കുന്നതല്ലെന്നും ഇതിനെതിരെ നിയമപരമായി തന്നെ മുന്നോട്ട് പോകാനാണ് സർക്കാർ തീരുമാനമെന്നും ആർ ബിന്ദു പറഞ്ഞു.