പാലക്കാട് 3806 കോടി ചെലവില്‍ വ്യവസായ സ്മാര്‍ട്ട് സിറ്റി പദ്ധതി; കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
പാലക്കാട് ഉള്‍പ്പെടെ രാജ്യത്ത് പുതിയ 12 ഗ്രീന്‍ഫീല്‍ഡ് ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റികള്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. വ്യവസായ ഇടനാഴിയുമായി ബന്ധിപ്പിച്ചാണ് പുതിയ ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റികള്‍ തുടങ്ങുക. പാലക്കാട് ഗ്രീന്‍ഫീല്‍ഡ് ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി 3806 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. മൂന്ന് റെയില്‍വേ ഇടനാഴികള്‍ക്കും കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ആകെ 28,602 കോടി രൂപയുടെ പദ്ധതികളാണ് അംഗീകരിച്ചത്.
പാലക്കാട് നഗരത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ 1710 ഏക്കര്‍ ഭൂമിയിലാണ് ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കുക. 8729 കോടിയുടെ നിക്ഷേപവും 51,000 പേര്‍ക്ക് തൊഴിലുമാണ് പ്രതീക്ഷിക്കുന്നത്. റബ്ബര്‍, പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍, ഔഷധനിര്‍മ്മാണത്തിനായുള്ള രാസവസ്തുക്കള്‍, സസ്യോത്പന്നങ്ങള്‍, ഫാബ്രിക്കേറ്റഡ് മെറ്റല്‍ ഉത്പന്നങ്ങള്‍, യന്ത്രങ്ങള്‍, ഉപകരണങ്ങള്‍, ഹൈടെക് വ്യവസായം എന്നീ മേഖലകള്‍ക്കാണ് പാലക്കാട് വ്യവസായ സ്മാര്‍ട്ട് സിറ്റി പ്രാധാന്യം നല്‍കുക.
ഔഷധനിര്‍മ്മാണത്തിനുള്ള രാസവസ്തുക്കള്‍ക്കും സസ്യോത്പന്നങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന ഏക വ്യവസായ സ്മാര്‍ട്ട് സിറ്റിയാണ് പാലക്കാട് വരിക. ഇക്കോ ടൂറിസത്തിനുള്ള സാധ്യതയും ഇവിടെയുണ്ട്. റോഡ്, റെയില്‍, വ്യോമ ഗതാഗതമാര്‍ഗങ്ങളും കൊച്ചി തുറമുഖവും അധികം അകലെയല്ലാതെയുള്ളതും പാലക്കാടിന് അനുകൂല ഘടകമാണ്.