അർജുനായുള്ള തെരച്ചിൽ അനിശ്ചിതത്വത്തിൽ ; മുഖ്യമന്ത്രിമാർ പ്ലാൻ ബി ചര്‍ച്ച ചെയ്യണമെന്ന് എംഎല്‍എ

 
കർണാടക ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനം വീണ്ടും അനിശ്ചിതത്വത്തിലേക്കെന്ന് മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്റഫ്. ഈശ്വര്‍ മല്‍പെ പുഴയില്‍ ഇറങ്ങി നടത്തുന്ന തെരച്ചിലില്‍ ഇതുവരെ യാതൊരു അനുകൂല ഫലവും ലഭിച്ചിട്ടില്ല. ലോറിയോ മറ്റു പ്രതീക്ഷ നല്‍കുന്ന ഒന്നും തന്നെ കണ്ടെത്താനായിട്ടില്ലെന്നും എകെഎം അഷ്റഫ് പറഞ്ഞു.
ഈ ദൗത്യം കഴിഞ്ഞാല്‍ ഇനിയെന്താണ് ചെയ്യുക എന്നതില്‍ ആര്‍ക്കും വ്യക്തമായ ഉത്തരമില്ല. അടുത്തത് എന്ത് എന്ന ചോദ്യമാണ് മുന്നിലുള്ളത്. ഉത്തര കന്ന‍ഡ കളക്ടര്‍ക്കുപോലും ഇനി എന്ത് എന്ന ചോദ്യത്തിന് ഉത്തരമില്ല. ഇക്കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കണം. നിലവില്‍ തെരച്ചില്‍ അനിശ്ചിതത്വത്തിലാണ്. ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ ചര്‍ച്ച ചെയ്ത് പ്ലാൻ ബിയെ കുറിച്ച് ആലോചിക്കണമെന്നും എംഎല്‍എ കൂട്ടിചേര്‍ത്തു.
മുങ്ങിയപ്പോള്‍ പാറക്കല്ലുകളാണ് കിട്ടുന്നതെന്നും ഇവ നീക്കാതെ ട്രക്കിന്‍റെ അടുത്തേക്ക് എത്താനാകില്ലെന്നുമാണ് ഈശ്വര്‍ മല്‍പെ പറഞ്ഞത്.കേരളം മുഴുവൻ അര്‍ജുനെ കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇവിടെ നില്‍ക്കുന്നത്. ഇപ്പോഴത്തെ കാര്യങ്ങള്‍ ഇരു മുഖ്യമന്ത്രിമാരെയും ധരിപ്പിക്കും. കേരളത്തിലെ മാധ്യമങ്ങള്‍ ജാഗ്രതയോടെ കൃത്യമായ വിവരങ്ങള്‍ വിളിച്ചുപറഞ്ഞത്. അത് എപ്പോഴും ഓര്‍ക്കും. എല്ലാ ദിവസവും മാധ്യമങ്ങള്‍ ചോദിക്കുമ്പോള്‍ പ്രതീക്ഷയുള്ള എന്തെങ്കിലും വിവരം നല്‍കാനാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.