ഏഷ്യൻ ഗെയിംസ് ഷോട്ട് പുട്ടിൽ തജിന്ദർപാൽ സിങ്ങിന് വെള്ളി; തുടർച്ചയായ മൂന്നാം മെഡൽ
Sep 26, 2026, 18:27 IST
ഏഷ്യൻ ഗെയിംസ് പുരുഷന്മാരുടെ ഷോട്ട് പുട്ടിൽ ഇന്ത്യയുടെ തജിന്ദർപാൽ സിങ് വെള്ളി മെഡൽ സ്വന്തമാക്കി. അഞ്ചാം ശ്രമത്തിൽ 20.64 മീറ്റർ ദൂരം എറിഞ്ഞാണ് തജിന്ദർ വെള്ളി നേട്ടം കൈവരിച്ചത്. ഇറാന്റെ മുഹമ്മദ്രസ്സ ടയെബിസെ (20.81 മീറ്റർ) സ്വർണവും സൗദി അറേബ്യയുടെ മുഹമ്മദ് ടൊളു (20.48 മീറ്റർ) വെങ്കലവും നേടി. തജിന്ദർപാൽ സിങ്ങിന്റെ തുടർച്ചയായ മൂന്നാം ഏഷ്യൻ ഗെയിംസ് മെഡലാണിത്. 2018, 2022 പതിപ്പുകളിലും താരം മെഡൽ സ്വന്തമാക്കിയിരുന്നു.
മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് തജിന്ദർ പുറത്തെടുത്തത്. ആദ്യ ശ്രമത്തിൽ 20.06 മീറ്ററും രണ്ടാം ശ്രമത്തിൽ 20.26 മീറ്ററും എറിഞ്ഞ് താരം മുന്നേറിയെങ്കിലും മൂന്നാം ശ്രമത്തിൽ സൗദി താരം മുന്നിലെത്തി. എന്നാൽ അഞ്ചാം ശ്രമത്തിൽ 20.64 മീറ്റർ എറിഞ്ഞ് രണ്ടാം സ്ഥാനം തിരിച്ചുപിടിച്ച തജിന്ദർ ഇന്ത്യക്കായി വെള്ളി മെഡൽ ഉറപ്പിക്കുകയായിരുന്നു.