‘കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ഇരട്ട ചങ്കല്ല, ഇരട്ട മുഖം; ഉമ്മൻ ചാണ്ടിയോട് മാപ്പ് പറയണമെന്ന് ഷാഫി പറമ്പിൽ

 

കേരളത്തിലെ ജനങ്ങളുടെ മുൻപിൽ സുതാര്യമായ പൊതുജീവിതം നയിച്ച ഉമ്മൻ ചാണ്ടിക്കു നേരെ ആക്ഷേപ വർഷങ്ങൾ ചൊരിയാൻ തട്ടിപ്പുകാരിയുടെ കത്തുകൾ ഉപയോഗിച്ചവർ മാപ്പുപറയാതെ കേരളത്തിന്റെ പൊതുസമൂഹം പൊറുക്കില്ലെന്നു ഷാഫി പറമ്പിൽ എംഎൽഎ. സോളർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം സഭയിൽ അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു ഷാഫി പറമ്പിൽ.

കള്ളക്കഥകളുടെ പേരിൽ ഉമ്മൻ ചാണ്ടി വേട്ടയാടപ്പെട്ടു എന്നത് രാഷ്ട്രീയ കേരളത്തിന് അപമാനമാണ്. ഒരു രാഷ്്ട്രീയ ദുരന്തമാണ് സോളാർ തട്ടിപ്പു കേസ്.ഒരു സ്ത്രീയുടെ പരാതിയായതുകൊണ്ടാണ് എഴുതിവാങ്ങിയതെന്നും അന്വേഷണം നടത്താൻ തീരുമാനിച്ചതെന്നും പറയുന്നുണ്ട്. അങ്ങനെ മുഖ്യമന്ത്രിയെ കാണാൻ വന്ന മറ്റൊരു സ്ത്രീയെ എങ്ങനെയാണു ട്രീറ്റ് ചെയ്തതെന്നു കണ്ടതാണ്. ജിഷ്ണു പ്രണോയ് എന്ന ചെറുപ്പക്കാരന്റെ അമ്മ മുഖ്യമന്ത്രിയെ കാണാൻ വന്നപ്പോൾ തിരുവനന്തപുരത്തിന്റെ തെരുവോരങ്ങളിൽ പിണറായി വിജയന്റെ പൊലീസ് അവരെ വലിച്ചിഴച്ചു. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ഇരട്ട ചങ്കല്ല, ഇരട്ട മുഖമാണുള്ളത്. ഉമ്മൻ ചാണ്ടിയോട് മുഖ്യമന്ത്രി മാപ്പുപറയണമെന്നും ഷാഫി പറമ്പിൽ സഭയിൽ പറഞ്ഞു.

ഉമ്മൻ ചാണ്ടിയെ ആക്ഷേപിക്കുക എന്നതിന് അപ്പുറത്തേക്ക് എന്ത് അജൻഡകളുടെ പേരിലാണു സർക്കാർ ഈ പരാതിയെ മുന്നോട്ടു കൊണ്ടുപോയത്. ഇങ്ങനെ ആക്ഷേപിക്കപ്പെടേണ്ട ഒരാളായിരുന്നോ ഉമ്മൻ ചാണ്ടി. ഉമ്മൻ ചാണ്ടി നിങ്ങളോട് ക്ഷമിച്ചാൽ പോലും കേരളീയ പൊതുസമൂഹം ഈ ക്രൂരതയ്ക്ക് നിങ്ങൾക്കു മാപ്പുനൽകില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു. 

കേരളത്തിന്റെ മുഴുവൻ ഇഷ്ടവും സ്വീകരിച്ച ജനപ്രതിനിധിയെ അപമാനിക്കാനും ഇല്ലായ്മ ചെയ്യാനും നടത്തിയ ക്രിമിനൽ ഗൂഢാലോചനയാണിത്. സിപിഎം കേരളത്തിലെ ജനങ്ങളുടെ മുൻപിൽ മാപ്പുപറയണം. അത്തരമൊരു ആരോപണം ഇനി നിലനിൽക്കില്ല. അത്തരമൊരു ആരോപണത്തിന് അടിസ്ഥാനവുമില്ല. ക്രിമിനൽ ഗൂഢാലോചനയുടെ പിറകിൽ പ്രവർത്തിച്ചവരെ പുറത്തുകൊണ്ടുവരണമെന്നും ഷാഫി പറഞ്ഞു.