രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കാൻ നിയമസഭയ്ക്ക് അധികാരം; സ്പീക്കറുടെ നിലപാട് നിർണ്ണായകം
ബലാത്സംഗക്കേസിൽ അറസ്റ്റിലായ പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമസഭ സ്വീകരിക്കുന്ന നടപടികളിൽ സ്പീക്കറുടെ നിലപാടും നിയമോപദേശവും നിർണ്ണായകമാകും. അറസ്റ്റ് സംബന്ധിച്ച റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം (SIT) സ്പീക്കർക്ക് കൈമാറി. വിഷയം നിയമസഭയുടെ പ്രിവിലേജ് ആൻഡ് എത്തിക്‌സ് കമ്മിറ്റിക്ക് വിടാനാണ് സ്പീക്കർ തീരുമാനിക്കുന്നതെങ്കിൽ, രാഹുലിനെ അയോഗ്യനാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിൽ കമ്മിറ്റിയുടെ ശുപാർശ പ്രധാനമാകും.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ തുടങ്ങിയ പ്രമുഖ നേതാക്കൾ ഉൾപ്പെടുന്നതാണ് നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി. മുരളി പെരുനെല്ലി അധ്യക്ഷനായ കമ്മിറ്റിയിൽ കെ.കെ. ശൈലജ, എച്ച്. സലാം തുടങ്ങിയവരും അംഗങ്ങളാണ്. എം.എൽ.എയ്ക്കെതിരെ അച്ചടക്ക നടപടി വേണമോ എന്ന് പരിശോധിക്കാൻ സ്പീക്കർക്ക് ഈ കമ്മിറ്റിയെ ചുമതലപ്പെടുത്താം. കമ്മിറ്റി തെളിവെടുപ്പ് നടത്തി സമർപ്പിക്കുന്ന റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ മുഖ്യമന്ത്രി സഭയിൽ പ്രമേയമായി അവതരിപ്പിക്കണം.
സഭ ഈ പ്രമേയം അംഗീകരിച്ചാൽ രാഹുലിനെ എം.എൽ.എ സ്ഥാനത്തുനിന്ന് പുറത്താക്കാം. ഇത്തരമൊരു നടപടി ഉണ്ടായാൽ കേരള നിയമസഭയിൽ നിന്നും പുറത്താക്കപ്പെടുന്ന ആദ്യ എം.എൽ.എയാകും രാഹുൽ മാങ്കൂട്ടത്തിൽ. താക്കീത്, സസ്പെൻഷൻ അല്ലെങ്കിൽ സഭയിൽ നിന്ന് പുറത്താക്കൽ എന്നിവയാണ് പ്രമേയത്തിലൂടെ നടപ്പിലാക്കാൻ കഴിയുന്ന നടപടികൾ. അതേസമയം, എം.എൽ.എ സ്ഥാനത്തുനിന്ന് നീക്കിയാലും ഭാവിയിൽ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിന് തടസ്സമുണ്ടാകില്ല.