നിയമസഭാ തിരഞ്ഞെടുപ്പ്: നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ നാളെ കൂടി സമയം; മത്സരചിത്രം തെളിയുന്നു
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും. ഇതോടെ തിരഞ്ഞെടുപ്പ് ഗോദയിലെ അന്തിമ മത്സരചിത്രം വ്യക്തമാകും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 1,254 സ്ഥാനാർത്ഥികളിൽ നിന്നായി ആകെ 2,125 നാമനിർദ്ദേശ പത്രികകളാണ് ലഭിച്ചത്. ഇതിൽ പരിശോധനകൾക്ക് ശേഷം 1,748 പത്രികകൾ സ്വീകരിച്ചു. വിവിധ കാരണങ്ങളാൽ 354 പത്രികകൾ തള്ളുകയും മൂന്നെണ്ണം പിൻവലിക്കുകയും ചെയ്തിട്ടുണ്ട്.
നാളെ വൈകിട്ടോടെ പത്രിക പിൻവലിക്കാനുള്ള സമയം കഴിയുന്നതോടെ ഓരോ മണ്ഡലത്തിലും ആരൊക്കെ തമ്മിലാണ് പോരാട്ടമെന്ന് ഉറപ്പിക്കാം. അതേസമയം, മുന്നണികളുടെയും സ്ഥാനാർത്ഥികളുടെയും പ്രചാരണം ആവേശകരമായ രണ്ടാം വാരത്തിലേക്ക് കടക്കുകയാണ്. ഏപ്രിൽ ഒമ്പതിനാണ് സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പിന് രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെ വോട്ടർമാരെ നേരിൽ കാണുന്ന തിരക്കിലാണ് സ്ഥാനാർത്ഥികൾ.
കുട്ടനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി റെജി ചെറിയാന്റെ നാമനിർദ്ദേശ പത്രികയിൽ ഇന്ന് വിശദമായ പരിശോധന നടക്കും. സത്യവാങ്മൂലത്തിൽ ക്രിമിനൽ കേസുകളുടെ വിവരം ഉൾപ്പെടുത്തിയില്ല എന്ന എൽഡിഎഫിന്റെ പരാതിയെത്തുടർന്നാണ് പത്രിക മാറ്റിവെച്ചത്. പിന്തുണച്ചവർ ഒപ്പുവെക്കാത്തതിനെ തുടർന്ന് റെജി ചെറിയാന്റെ മറ്റൊരു പത്രിക നേരത്തെ തള്ളിയിരുന്നു. കുട്ടനാട്ടിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഇന്ന് പുറത്തുവരും.