അതിജീവിതയെ അധിക്ഷേപിച്ച കേസ്; സന്ദീപ് വാര്യർക്കും രഞ്ജിത പുളിക്കനും ജാമ്യം
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന കേസിൽ കോൺഗ്രസ് നേതാക്കളായ സന്ദീപ് വാര്യർക്കും രഞ്ജിത പുളിക്കനും കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ഉപാധികളോടെ ഇരുവർക്കും ജാമ്യം നൽകിയത്.
അതിജീവിതയുടെ പരാതി പ്രകാരം ആറ് പ്രതികളാണ് ഈ കേസിലുള്ളത്. ഇതിൽ മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കൻ ഒന്നാം പ്രതിയും സന്ദീപ് വാര്യർ നാലാം പ്രതിയുമാണ്. രാഹുൽ ഈശ്വർ (അഞ്ചാം പ്രതി), അഭിഭാഷകയായ ദീപ ജോസഫ്, മറ്റൊരു അക്കൗണ്ട് ഉടമയായ ദീപ ജോസഫ്, പാലക്കാട് സ്വദേശിയായ വ്ലോഗർ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.
പാലക്കാട് ഉപതിരഞ്ഞെടുപ്പ് കാലത്ത് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതി പരാതി നൽകിയതിന് പിന്നാലെ പ്രതികൾ സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ മോശമായ രീതിയിൽ പ്രചാരണം നടത്തിയെന്നായിരുന്നു അതിജീവിതയുടെ പരാതി.