കാണാതായ 13കാരിയെ കന്യാകുമാരി ബീച്ചിന് സമീപം കണ്ടതായി ഓട്ടോ ഡ്രൈവർമാർ

 


കഴക്കൂട്ടത്ത് 13കാരിയായ ഇതര സംസ്ഥാന പെൺകുട്ടിയെ കാണാതായിട്ട് മണിക്കൂറുകൾ കഴിയുന്നു. രാവിലെ 11 മണിയോടെയാണ് തസ്മിൻ തംസും വീട് വിട്ടിറങ്ങിയത്. അമ്മ വഴക്ക് പറഞ്ഞതിന് പിന്നാലെയാണ് പതിമൂന്നുകാരി ബാഗുമെടുത്തിറങ്ങിയത്. പരാതി ലഭിച്ചതിന് പിന്നാലെ കഴക്കൂട്ടം, കണിയാപുരം ഉൾപ്പെടെയുള്ള സമീപത്തെ റെയിൽവേ സ്റ്റേഷനുകളിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും കുട്ടിയെ കുറിച്ചുള്ള വിവരം ലഭിച്ചിരുന്നില്ല. കമ്മീഷണർ കഴക്കൂട്ടത്തെത്തി അന്വേഷണത്തിന് മേൽനോട്ടം നൽകുന്നത്. 

തസ്മിൻ ഉൾപ്പെടെ മൂന്ന് മക്കളാണ് അസം സ്വദേശികളായ ദമ്പതികൾക്ക്. കുട്ടികൾ തമ്മിൽ രാവിലെ വഴക്കുണ്ടായി. ഇതിന്‍റെ പേരിൽ മൂത്ത കുട്ടി തസ്മിനെ അമ്മ വഴക്ക് പറഞ്ഞിരുന്നു. പിന്നാലെ അച്ഛനും അമ്മയും ജോലിക്ക് പോയി. 11 മണിയോടെ തസ്മിൻ  ഒരു ബാഗുമെടുത്ത് വീട്ടിൽ നിന്നിറങ്ങിയെന്നാണ് ഇളയ കുട്ടികൾ പറയുന്നത്. അച്ഛനും അമ്മയും ഉച്ചക്ക് വീട്ടിൽ എത്തിയപ്പോഴാണ് തസ്മിൻ വീടുവിട്ടിറങ്ങിയ കാര്യം അറിയുന്നത്. ഉടൻ തന്നെ പൊലീസിനെ അറിയിച്ചു. ഏകദേശം രണ്ട് മണിയോടെയാണ് പൊലീസ് കേസ് അന്വേഷണം തുടങ്ങിയത്.

ഇന്ന് പുലർച്ചെ നാല് മണിയോടെ ആണ് നിർണായക വിവരം പൊലീസിന് കിട്ടിയത്. ഇന്നലെ ഉച്ചയ്ക്ക് 1.06 ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട ബാംഗ്ലൂർ – കന്യാകുമാരി ട്രെയിനിൽ കുട്ടി ഇരിക്കുന്ന ചിത്രം ഒരു വിദ്യാർത്ഥിനി പൊലീസിന് അയച്ചുകൊടുത്തു. കുട്ടി ട്രെയിനിൽ ഒറ്റയ്ക്ക് ഇരിക്കുന്നത് കണ്ട് സംശയം തോന്നി ആണ് യാത്രക്കാരി നെയ്യാറ്റിൻകരയിൽ വെച്ച് മൊബൈലിൽ ഫോട്ടോ എടുത്തത്. ഇത് തസ്മിൻ തന്നെ ആണെന്ന് അച്ഛനും അമ്മയും സ്ഥിരീകരിച്ചു. ട്രെയിലുണ്ടായ സഹയാത്രക്കാരി പെൺകുട്ടിയുടെ ചിത്രം കൈമാറിയത് പുലർച്ചെ 4 മണിയോടെയെന്നാണ് ഡിസിപിയും വിശദമാക്കുന്നു. വിവരം കിട്ടിയ ഉടൻ കന്യാകുമാരി, നാഗർകോവിൽ എസ്പിമാരുമായി ബന്ധപ്പെട്ടുവെന്നും ഡിസിപി അറിയിച്ചു.

 കന്യാകുമാരി സ്റ്റേഷനിലിറങ്ങിയ പെൺകുട്ടിയെ ബീച്ചിന് സമീപത്തായി കണ്ടതായാണ് മേഖലയിലെ ഓട്ടോ ഡ്രൈവർമാർ പറയുന്നു