ജാമ്യാപേക്ഷ പരിഗണിച്ചില്ല, കന്യാസ്ത്രീകൾ ജയിലിൽ തുടരും; കേസ് എൻഐഎ കോടതിയിലേക്ക്
ഛത്തീസ്ഗഡിൽ റിമാൻഡിലായ മലയാളി കന്യാസ്ത്രീകളായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരുടെ ജാമ്യാപേക്ഷ ദുർഗ് സെഷൻസ് കോടതി തള്ളി. കേസ് പരിഗണിക്കാനുള്ള അധികാരം തനിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാൻ നിർദ്ദേശിച്ചു. ഇതോടെ കന്യാസ്ത്രീകൾക്ക് ജയിലിൽ തുടരേണ്ടിവരും.
മനുഷ്യക്കടത്ത് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയതിനാൽ, കേസ് പരിഗണിക്കേണ്ടത് ദേശീയ അന്വേഷണ ഏജൻസി (NIA) കോടതിയാണെന്ന് പോലീസ് വാദിച്ചു. ഈ വാദം അംഗീകരിച്ച കോടതി, ജാമ്യഹർജി പരിഗണിക്കാൻ തനിക്ക് അധികാരമില്ലെന്നും ഹൈക്കോടതിയെ സമീപിക്കണമെന്നും ഹർജിക്കാരോട് ആവശ്യപ്പെട്ടു. നിലവിൽ ബിലാസ്പൂരിലെ എൻഐഎ കോടതിയിലേക്കാണ് കേസ് മാറ്റുന്നത്. 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ എൻഐഎ കോടതിയാണ് പരിഗണിക്കുന്നത്.മതപരിവർത്തനമോ മനുഷ്യക്കടത്തോ നടന്നിട്ടില്ലെന്നും, ജോലി ചെയ്ത് ജീവിക്കാനുള്ള ഭരണഘടനാപരമായ അവകാശമാണ് യുവതികൾ വിനിയോഗിച്ചതെന്നും കന്യാസ്ത്രീകൾ ജാമ്യാപേക്ഷയിൽ ഉന്നയിച്ചിരുന്നു.
ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ദുർഗ് സെഷൻസ് കോടതിക്ക് മുന്നിൽ ബജ്റംഗദൾ പ്രവർത്തകർ തടിച്ചുകൂടി. ജാമ്യഹർജി പരിഗണിക്കാൻ കോടതി വിസമ്മതിച്ചതോടെ, പ്രവർത്തകർ ആഹ്ലാദ പ്രകടനങ്ങൾ നടത്തി. കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകാംഗമായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവകാംഗമായ സിസ്റ്റർ പ്രീതി മേരി എന്നിവരെയാണ് ഛത്തീസ്ഗഢിലെ ദുർഗിൽ മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റ് ചെയ്തത്. ഇവരുടെ കൂടെയുണ്ടായിരുന്ന രണ്ട് പെൺകുട്ടികൾ നിലവിൽ സർക്കാർ സംരക്ഷണയിലാണ്.