ഇന്ത്യൻ ക്രിക്കറ്റ് ടീമിൻറെ പരിശീലക സംഘത്തിൽ അഴിച്ചുപണി നടത്താൻ ബിസിസിഐ ഒരുങ്ങുന്നു

 

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൻറെ പരിശീലക സംഘത്തിൽ അഴിച്ചുപണി നടത്താൻ ബിസിസിഐ ഒരുങ്ങുന്നതായി റിപ്പോർട്ട്. മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിനെ മാറ്റില്ലെങ്കിലും ഗംഭീറിൻറെ പ്രത്യേക താൽപര്യപ്രകാരം നിയമിച്ച ബൗളിംഗ് പരിശീലകൻ മോർണി മോർക്കൽ, സഹപരിശീലകൻ റിയാൻ ടെൻ ഡോഷെറ്റെ എന്നിവരെ പുറത്താക്കുമെന്നാണ് റ്പ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇംഗ്ലണ്ട് പര്യടനത്തിനുശേഷം സെപ്റ്റംബറിൽ നടക്കുന്ന ഏഷ്യാ കപ്പിനുശേഷമാകും ഇവരെ പുറത്താക്കുകയെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.

ഏഷ്യാ കപ്പിനുശേഷം ഒക്ടോബറില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലാണ് ഇന്ത്യ മത്സരിക്കുക. ഇംഗ്ലണ്ടിലെ അവസാന രണ്ട് ടെസ്റ്റിലെ ഇന്ത്യയുടെ പ്രകടനം എന്തുതന്നെയായാലും ഇരുവര്‍ക്കും പുറത്തേക്കുള്ള വഴി ഒരുങ്ങുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ടീമിലെ ബൗളര്‍മാരുടെ പ്രകടനം മെച്ചപ്പെടുത്തുന്നതില്‍ മോര്‍ണി മോര്‍ക്കല്‍ പൂര്‍ണമായും പരാജയപ്പെട്ടുവെന്നും ഗംഭീറിന്‍റെ സഹപരിശീലകനായ റിയാന്‍ ടെന്‍ ഡോഷെറ്റെക്കും കാര്യമായ സംഭാവനയൊന്നും നല്‍കാനായിട്ടില്ലെന്നുമാണ് ബിസിസിഐയുടെ വിലയിരുത്തല്‍.