ഇസ്രയേല്‍-ഹമാസ് യുദ്ധം: ബന്ദികളെ മോചിപ്പിക്കാന്‍ സമയം വേണം;  താല്‍ക്കാലികവിരാമം തേടി ബൈഡന്‍

 

ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ താല്‍ക്കാലിക വിരാമം നല്‍കണമെന്ന്‌ ആവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഗാസ മുനമ്പില്‍ തടവിലാക്കപ്പെട്ടിരിക്കുന്ന ബന്ദികളെ മോചിപ്പിക്കാന്‍ ആവശ്യമായ സമയത്തിനുവേണ്ടി ഇസ്രയേലും ഹമാസും യുദ്ധം താത്കാലികമായി അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം സമ്പൂര്‍ണ വെടിനിര്‍ത്തലിന് ബൈഡന്‍ ആഹ്വാനം നല്‍കിയില്ല.

'തടവിലാക്കപ്പെട്ടവരെ മോചിപ്പിക്കുന്നതിനായി താല്‍ക്കാലികമായി യുദ്ധം നിര്‍ത്തിവെക്കണ്ടേതുണ്ടെന്നാണ് ഞാന്‍ കരുതുന്നത്', ബൈഡന്‍ പറഞ്ഞു. ഹമാസിനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് പിന്തുണ നല്‍കുന്ന ബൈഡനെതിരേ അതിരൂക്ഷ വിമര്‍ശനമാണ് പുരോഗമന കൂട്ടായ്മകളില്‍നിന്നും മുസ്‌ലിം, അറബ് അമേരിക്കക്കാരില്‍നിന്നും ഉയരുന്നത്.