'ചെങ്കൊടിയുടെ കീഴിൽ അധോലോക സംസ്‌കാരം പാടില്ലെന്നാണ് നിലപാട്, എൽഡിഎഫ് ശക്തിപ്പെട്ടേ തീരു'; ബിനോയ് വിശ്വം

 

അധോലോക സംസ്‌കാരം ചെങ്കൊടിയുടേതല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. 'കമ്യൂണിസ്റ്റ് പാർട്ടിക്കുവേണ്ടി പറയാൻ ആഗ്രഹിച്ചതാണ് പറഞ്ഞത്. പറഞ്ഞത് സിപിഐയുടെ കാര്യമല്ല, പ്രതികരിച്ചത് എൽഡിഎഫിനെ സ്‌നേഹിക്കുന്നവർക്കുവേണ്ടിയാണ്. സ്വർണം പൊട്ടിക്കലിന്റെ കഥകൾ വരുന്നു, അധോലോക സംസ്‌കാരം വരുന്നു. കയ്യൂരും കരിവെള്ളൂരിലും ഒഞ്ചിയത്തും ഒരുപാടുപേർ ചോരകൊടുത്തുണ്ടാക്കിയ പാർട്ടിയാണ്. അധോലോക സംസ്‌കാരം പാടില്ലെന്ന നിലപാട് സിപിഐക്കുമുണ്ട് സിപിഎമ്മിനുമുണ്ട്' ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'കമ്യൂണിസ്റ്റ് പാർട്ടിക്കു ശക്തമായ രാഷ്ട്രീയമുണ്ട്. അത് എൽഡിഎഫിനൊപ്പമാണ്. എൽഡിഎഫിനെ ശക്തിപ്പെടുത്താൻവേണ്ടി അതിനാവശ്യമായ തിരുത്തലിനുവേണ്ടി സിപിഐയും സിപിഎമ്മുമെല്ലാം ശ്രമിക്കുമ്പോൾ അതേക്കുറിച്ച് ഏറ്റവും വ്യക്തമായ കാഴ്ചപ്പാട് സിപിഐ പറഞ്ഞുവെന്നേ ഉള്ളൂ. ഞാൻ ആരെക്കുറിച്ചും പറഞ്ഞിട്ടില്ല. കേരളത്തിലെ ഇടതുപക്ഷത്തെ സ്‌നേഹിക്കുന്ന കാര്യമാണ് താൻ പറഞ്ഞത്. എൽഡിഎഫ് ശക്തിപ്പെട്ടേ തീരു. എൽഡിഎഫിനുമേൽ വിശ്വാസമർപ്പിച്ച ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്തു മുന്നോട്ടുപോയേ പറ്റൂ. 

സ്വർണം പൊട്ടിക്കലിന്റെ കഥകൾ, അധോലോക അഴിഞ്ഞാട്ടങ്ങൾ എന്നിവ ചെങ്കൊടിയുടെ മറവിലല്ല. ഒരുപാടു മനുഷ്യരുടെ ചോരയുടെ നിറമാണ് ചെങ്കൊടിക്കുള്ളത്. അതിന്റെ കീഴിൽ അധോലോക സംസ്‌കാരം വളരാൻ പാടില്ലെന്ന നിലപാട് സിപിഐക്കുണ്ട്. ആ നിലപാട് സിപിഎമ്മിനും ഉണ്ടാകണം. പരാമർശങ്ങൾ രൂക്ഷമായ വിമർശനമല്ല. ഏറ്റവും സൗമ്യമായതും ഉചിതമായതുമായ ഭാഷയിലാണ് പറഞ്ഞത്' അദ്ദേഹം വ്യക്തമാക്കി.

സിപിഐ എൽഡിഎഫ് വിട്ടുവരണമെന്ന എം.എം. ഹസന്റെ പ്രസ്താവനയെ ചിരിച്ചുകൊണ്ടു തള്ളുന്നുവെന്ന് ബിനോയ് വിശ്വം പ്രതികരിച്ചു. സിപിഐയുടെ നയങ്ങൾ തീരുമാനിക്കുന്നത് പാർട്ടി കോൺഗ്രസ് ആണ്. എല്ലാ നിരീക്ഷണങ്ങളും ചർച്ചയ്ക്കു വയ്ക്കാനുള്ള അവകാശം എല്ലാ പ്രതിനിധികൾക്കുമുണ്ട്. തിരുത്താനുള്ളത് തിരുത്തും. കേരളം കണ്ട മികച്ച മുഖ്യമന്ത്രി അച്യുതമേനോൻ ആണെന്നാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ബോധ്യം. അതിന്റെ അർഥം പിണറായി വിജയൻ മോശക്കാരൻ എന്നല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.