കൊല്ലത്തും കോട്ടയത്തും കാട്ടുപോത്ത് ആക്രമണം; 3 മരണം; മലപ്പുറത്ത് കരടി ആക്രമണം

 

എരുമേലിയിലും കൊല്ലം അഞ്ചലിലുമുണ്ടായ കാട്ടുപോത്തിന്റെ ആക്രമണത്തിൽ മൂന്നുപേർ മരിച്ചു. കോട്ടയം എരുമേലിയിൽ കണമല പുറത്തേൽ ചാക്കോച്ചൻ (70), പ്ലാവനാക്കുഴിയിൽ തോമസ് (60) എന്നിവരാണ് മരിച്ചത്. കൊല്ലം അഞ്ചലിൽ ഇടമുളയ്ക്കൽ സ്വദേശി സാമുവൽ വർഗീസും (65) മരിച്ചു. സാമുവൽ കഴിഞ്ഞ ദിവസമാണ് ദുബായിൽനിന്ന് നാട്ടിലെത്തിയത്.

മരിച്ച ചാക്കോച്ചൻ വീടിന്റെ പൂമുഖത്ത് ഇരിക്കുകയായിരുന്നു. ഇതിനിടെ പാഞ്ഞുവന്ന കാട്ടുപോത്ത് ഇയാളെ അക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ ഇയാൾ മരിച്ചു. തോമസ് റബർ തോട്ടത്തിൽ ജോലിയിലായിരിക്കേയാണ് ആക്രമണമുണ്ടായത്. ഇയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഇരുവരെയും ആക്രമിച്ച ശേഷം കാട്ടുപോത്ത് കാടിനകത്തേക്ക് ഓടിമറഞ്ഞു.

വീടിനോടു ചേർന്ന റബർ തോട്ടത്തിൽ നിൽക്കുമ്പോൾ പിന്നിൽനിന്നുള്ള ആക്രമണമേറ്റാണ് സാമുവൽ മരിച്ചത്. ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കാട്ടുപോത്ത് ആക്രമണത്തിൽ പ്രതിഷേധിച്ച് കണമലയിൽ പ്രദേശവാസികൾ റോഡ് ഉപരോധിച്ചു. കാട്ടുപോത്തിനെ കണ്ടാലുടൻ വെടിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് ഉപരോധം.

ഇതിനിടെ മലപ്പുറം നിലമ്പൂരിൽ കാട്ടിൽ തേനെടുക്കാൻ പോയ യുവാവിനെ കരടി ആക്രമിച്ചു. കാലിനു പരിക്കേറ്റ തരിപ്പപ്പൊട്ടി കോളനിയിലെ വെളുത്തയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.