തൃശ്ശൂരിൽ ബിജെപിയുടെ 'കിറ്റ് വിതരണം'; എൽഡിഎഫിന്റെ പരാതിയിൽ സൂപ്പർമാർക്കറ്റ് അടപ്പിച്ചു

 

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭക്ഷണക്കിറ്റുകൾ നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി ശ്രമിക്കുന്നതായി എൽഡിഎഫ് പരാതി. തൃശ്ശൂർ മണ്ഡലത്തിലെ ഒളരിയിലാണ് സംഭവം. എൽഡിഎഫ് പ്രവർത്തകരുടെ പരാതിയെത്തുടർന്ന് കിറ്റുകൾ വിതരണം ചെയ്തിരുന്ന സൂപ്പർമാർക്കറ്റ് പോലീസ് ഇടപെട്ട് അടപ്പിച്ചു. പരിശോധനയിൽ ഇവിടെനിന്ന് അമ്പതോളം കിറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെടുത്തു.

കഴിഞ്ഞദിവസം മുതൽ ഒളരിയിലെ ഈ സൂപ്പർമാർക്കറ്റ് കേന്ദ്രീകരിച്ച് ബിജെപി കിറ്റ് വിതരണം ആരംഭിച്ചെന്നാണ് എൽഡിഎഫിന്റെ ആരോപണം. പ്രദേശത്തെ ചില പ്രമുഖർക്കും വീട്ടമ്മമാർക്കും സൗജന്യമായി കിറ്റുകൾ നൽകി വോട്ടുറപ്പിക്കാനാണ് നീക്കമെന്നും അവർ കുറ്റപ്പെടുത്തി. ബിജെപി നേതൃത്വത്തിൽ വ്യാപാരസ്ഥാപനങ്ങളുമായും സ്വർണ്ണവ്യാപാരികളുമായും സഹകരിച്ച് കിറ്റുകളും വസ്ത്രങ്ങളും വ്യാപകമായി വിതരണം ചെയ്യുകയാണെന്ന് സിപിഐ നേതാവ് വി.എസ്. സുനിൽകുമാർ ആരോപിച്ചു. മുൻപ് പണം വിതരണം ചെയ്തവർ ഇപ്പോൾ കിറ്റും മദ്യവും വരെ വാഗ്ദാനം ചെയ്യുകയാണെന്നും ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, രാധാകൃഷ്ണൻ എന്നൊരാളാണ് 75 കിറ്റുകൾ തയ്യാറാക്കാൻ ഓർഡർ നൽകിയതെന്ന് സൂപ്പർമാർക്കറ്റ് ഉടമ പ്രതികരിച്ചു. ഇയാളുടെ രാഷ്ട്രീയ പശ്ചാത്തലം തനിക്കറിയില്ലെന്നും കഴിഞ്ഞദിവസം പത്തുകിറ്റുകൾ കൊണ്ടുപോയതായും അദ്ദേഹം പറഞ്ഞു. കിറ്റുകളുടെ ബിൽ തുക ഓർഡർ നൽകിയ ആൾ തന്നെയാണ് അടച്ചത്. സംഭവമറിഞ്ഞ് പോലീസും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നടത്തിയ പ്രാഥമിക പരിശോധനയ്ക്ക് ശേഷമാണ് സൂപ്പർമാർക്കറ്റ് താൽക്കാലികമായി അടപ്പിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.