ഡൽഹിയിലെ സിആർപിഎഫ് സ്‌കൂളിലുണ്ടായ സ്ഫോടനം ; കൂടുതൽ വിവരങ്ങൾ പുറത്ത്, സ്ഫോടനം നടത്തിയത് ടീഷർട്ട് ധരിച്ചയാൾ ?

 

ഡൽഹിയിലെ സിആർപിഎഫ് സ്‌കൂളിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്ത്. സ്ഫോടനം നടന്ന സ്ഥലത്തിന് സമീപം സംശയാസ്‌പദമായ സാഹചര്യത്തിൽ ഒരാളുടെ സാന്നിധ്യം കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. വെളുത്ത നിറത്തിലുള്ള ടീഷർട്ട് ധരിച്ച ഒരാളാണ് സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചതെന്ന സംശയം ശക്തമാക്കുന്ന തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. സ്ഫോടനം നടന്നതിന്റെ തലേ ദിവസം രാത്രിയിലും ഇയാളുടെ പ്രവർത്തനം ശ്രദ്ധയിൽപ്പെട്ടിരുന്നതായി അധികൃതർ അറിയിച്ചു.


ഒന്നര അടി മുതൽ ഒരടി വരെ താഴ്‌ചയുള്ള കുഴിയിലാണ് സ്ഫോടക വസ്‌തു സ്ഥാപിച്ചത്. ഒരു പോളിത്തീൻ ബാഗിൽ പൊതിഞ്ഞാണ് സ്ഫോടക വസ്‌തു കുഴിയിൽ സ്ഥാപിച്ചതെന്ന് ഡൽഹി പൊലീസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു. സ്ഫോടക വസ്‌തു സ്ഥാപിച്ച ശേഷം ഈ കുഴി മാലിന്യം കൊണ്ട് മൂടിയിരുന്നുവെന്നും പൊലീസ് അറിയിച്ചു. കേന്ദ്ര ഏജൻസികൾ നടത്തിയ അന്വേഷണത്തിൽ ക്രൂഡ് ബോംബുകളിൽ സാധാരണയായി ഉപയോഗിക്കുന്ന വസ്തുക്കളാണ് പ്രദേശത്ത് നിന്ന് കണ്ടെത്തിയത്. എൻഎസ്‌ജി ഉദ്യോഗസ്ഥർ സ്ഫോടനം നടന്ന സ്ഥലത്തിന് സമീപം ബാറ്ററിയും വയറും കണ്ടെത്തിയിട്ടുണ്ട്. ഇവ സ്ഫോടനത്തിൻ്റെ ഭാഗമാണോ എന്നും അന്വേഷിക്കുന്നുണ്ട്.