പുതിയ ഡീസൽ ബസുകൾ വാങ്ങാൻ കെ.എസ്.ആർ.ടി.സിക്ക് 92 കോടി; ഗതാഗത മേഖലയുടെ വികസനത്തിനായി നടപടികൾ

 

ഗതാഗത മേഖലയുടെ വികസനത്തിനായി സമഗ്രമായ നടപടികളാണ് കേരള സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. എൽ.ഡി.എഫ്. സർക്കാർ അധികാരത്തിൽ വന്നതിനുശേഷം കെ.എസ്.ആർ.ടി.സിക്ക് അനുവദിക്കുന്ന തുക തന്നെ ഇതിന്റെ തെളിവായാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. 2016-21 കാലഘട്ടത്തിൽ 5002.13 കോടി രൂപയാണ് കെ.എസ്.ആർ.ടി.സിക്ക് സർക്കാർ അനുവദിച്ചിരുന്നത്. മുൻസർക്കാരിന്റെ കാലത്ത് ഇത് 1463.86 കോടിയാണ് നൽകിയിരുന്നത്.

അതേസമയം, രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറിയതിന് ശേഷം ഇക്കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ തന്നെ 4917.92 കോടി രൂപയാണ് അനുവദിച്ച് നൽകിയിട്ടുള്ളത്. ഇവയ്ക്ക് പുറമെ, വിവിധ പദ്ധതികൾ നടപ്പാക്കുന്നതിനായി കെ.എസ്.ആർ.ടി.സിക്ക് 128.54 കോടി രൂപയാണ് പദ്ധതിയിനത്തിൽ ഈ ബജറ്റിൽ അനുവദിച്ച് നൽകിയിരിക്കുന്നത്. പഴയ ബസുകൾ മാറ്റി കൂടുതൽ പുതിയ ബസുകൾ നിരത്തിലെത്തിക്കുകയെന്നതാണ് കെ.എസ്.ആർ.ടി.സിയുടെ മുന്നിലുള്ള ഏറ്റവും പുതിയ ലക്ഷ്യമെന്നും മന്ത്രി അറിയിച്ചു.

കെ.എസ്.ആർ.ടി.സിയിൽ പുതിയ ബി.എസ്.6 നിലവാരത്തിലുള്ള ഡീസൽ ബസുകൾ വാങ്ങിക്കുന്നതിനായി 92 കോടി രൂപയും ബജറ്റിൽ അനുവദിച്ചിട്ടുണ്ട്. ഇതിനുപുറമെ, മോട്ടോർ വാഹനവകുപ്പിനായി 35.52 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.

ഗ്രാമീണ റോഡുകൾ ഉൾപ്പെടെ പാതകളുടെ വികസനപ്രവർത്തനങ്ങൾക്കായി 1000 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. മാന്ദ്യവിരുദ്ധ പാക്കേജിൽ ഉൾപ്പെടുത്തിയാണ് ഈ തുക നൽകുന്നത്.