റേഷൻ വാങ്ങിയില്ലെങ്കിൽ കാർഡുകൾ റദ്ദാക്കും; വ്യാജ പ്രചാരണമെന്ന് ഭക്ഷ്യമന്ത്രി

 

സംസ്ഥാനത്തെ റേഷൻ വിതരണം സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം വ്യാജമാണെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫീസ്. റേഷൻ സാധനങ്ങൾ വാങ്ങാത്ത വെള്ള കാർഡ് ഉടമകൾ ഈ മാസം 30ന് മുൻപ് എന്തെങ്കിലും വാങ്ങി കാർഡ് ലൈവാക്കിയില്ലെങ്കിൽ ഈ കാർഡുകൾ റദ്ദാക്കുമെന്നായിരുന്നു പ്രചാരണം. റേഷൻ സമ്പ്രദായം അടുത്ത മാസം ഒന്നാം തീയ്യതി മുതൽ കേന്ദ്ര സർക്കാർ ഏറ്റെടുക്കുമെന്നും പ്രചാരണമുണ്ടായിരുന്നു. 

എന്നാൽ പ്രചാരണം വ്യാജമാണെന്നും, ഇത്തരമൊരു നടപടിയും ആലോചനയിൽ ഇല്ലെന്നും ഭക്ഷ്യപൊതുവിതരണ വകുപ്പുമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ഇത്തരം വ്യാജവാർത്ത നിർമിക്കുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കുമെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും ഓഫീസ് അറിയിച്ചു.