ജാതീയ അധിക്ഷേപം; 'നർത്തകി സത്യഭാമ കീഴടങ്ങണം': ഹൈക്കോടതി

 

ന‍ർത്തകൻ ആ‍ർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസിൽ നർത്തകി സത്യഭാമയോട് കീഴടങ്ങാൻ ഹൈക്കോടതി നിർദേശിച്ചു. ഒരാഴ്ചക്കുളളിൽ കേസ് പരിഗണിക്കുന്ന തിരുവനന്തപുരത്തെ കോടതിയിൽ ഹാജരാകാനാണ് നിർദേശം.

അന്നേദിവസം തന്നെ കീഴ്ക്കോടതി ജാമ്യാപേക്ഷ പരിഗണിച്ച് ഉചിതമായ തീരുമാനം എടുക്കണമെന്നും സിംഗിൾ ബെഞ്ച് നിർദേശിച്ചു. സത്യഭാമ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കിയാണ് ഹൈക്കോടതിയുടെ നിർദേശം.

അധിക്ഷേപ പരാമർശത്തിൽ കലാമണ്ഡലം സത്യഭാമക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കലാഭവൻ മണിയുടെ സഹോദരനും മോഹിനിയാട്ടം കലാകാരനുമായ ആർഎൽവി രാമകൃഷ്ണൻ നൽകിയ പരാതിയിലാണ് തിരുവനന്തപുരം കൻ്റോമെൻ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. എസ്ഇഎസ്ടി വകുപ്പ് പ്രകാരമാണ് കേസെടുത്തിരുന്നത്.

ജാമ്യമില്ലാ വകുപ്പാണ് സത്യഭാമയ്ക്കെതിരെ ചുമത്തിയത്. യൂട്യൂബ് പരാമർശത്തിലൂടെ തന്നെ വ്യക്തിപരമായി അപമാനിച്ചെന്നാണ് കലാമണ്ഡലം സത്യഭാമക്കെതിരായ പരാതി. ചാലക്കുടി ഡിവൈ.എസ്.പിയ്ക്കാണ് രാമകൃഷ്ണൻ പരാതി നൽകിയത്. തുടർ നടപടിക്കായി പരാതി തിരുവനന്തപുരം പൊലീസിന് കൈമാറുകയായിരുന്നു. അഭിമുഖം നൽകിയ യൂട്യൂബ് ചാനലിനെതിരെയും നടപടി വേണമെന്നു പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.