ജസ്‌ന തിരോധാനത്തിൽ മുൻ ലോഡ്ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തൽ; സിബിഐ പരിശോധിക്കും

 

ജസ്‌ന തിരോധാനക്കേസിൽ മുണ്ടക്കയത്തെ മുൻ ലോഡ്ജ് ജീവനക്കാരിയുടെ  വെളിപ്പെടുത്തൽ സിബിഐ പരിശോധിക്കും. ജസ്‌നയുടെ തിരോധാനവും മുണ്ടക്കയം സ്വദേശിനി വെളിപ്പെടുത്തിയ കാര്യങ്ങളും തമ്മിൽ ഏതെങ്കിലും വിധത്തിലുളള ബന്ധമുണ്ടോയെന്നാണ് അന്വേഷിക്കുന്നത്.

ലോഡ്ജ് ജീവനക്കാരിയുടെ മൊഴിയെടുത്ത് ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് ശ്രമം. ഇതിന് മുന്നോടിയായി തിരുവനന്തപുരത്തുളള സിബിഐ സംഘം കാഞ്ഞിരപ്പളളി ഡിവൈഎസ്പി ഓഫീസ് വഴി പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു. കാണാതാകുന്നതിന് മുമ്പ് മുണ്ടക്കയത്തെ ലോഡ്ജിൽ എത്തിയത് ജസ്‌ന തന്നെയാണോ, ജസ്‌നയുടെ തിരോധാനത്തിന് ലോഡ്ജുമായി ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളും അന്വേഷിക്കും ലോഡ്ജിനെപ്പറ്റി നേരത്തെ അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരിൽ നിന്നും വിവരങ്ങൾ ശേഖരിക്കും.

ആറ് വർഷങ്ങൾക്ക് മുൻപ് പത്തനംതിട്ടയിൽ നിന്ന് അപ്രത്യക്ഷയായ ജസ്‌നയോട് സാമ്യമുളള പെൺകുട്ടി മുണ്ടക്കയത്തെ ലോഡ്ജിൽ എത്തിയിരുന്നുവെന്നാണ് മുൻ ലോഡ്ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തൽ.