മഹാദേവ് അടക്കം 22 ആപ്പുകള്‍ ബ്ലോക്ക് ചെയ്ത് കേന്ദ്രം: നടപടി ഇഡി അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ
മഹാദേവ് വാതുവയ്പ്പ് ആപ്പ് അടക്കം വിവാദമായ 22 ആപ്പുകള്‍ ബ്ലോക്ക് ചെയ്ത് കേന്ദ്രസര്‍ക്കാര്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഐടിമന്ത്രാലയം നടപടി സ്വീകരിച്ചത്.
നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച വെബ്‌സൈറ്റുകള്‍ക്കെതിരെയും നടപടി സ്വീകരിച്ചതായും ഐടി മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.
'അനധികൃത വാതുവയ്പ്പ് ആപ്പ് സിന്‍ഡിക്കേറ്റിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ അന്വേഷണങ്ങളും ഛത്തീസ്ഗഡിലെ മഹാദേവ് ബുക്കില്‍ നടത്തിയ റെയ്ഡുകളും ആപ്പിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് നടപടി,'- സര്‍ക്കാര്‍ അറിയിച്ചു.
ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ തന്നോട് യുഎഇയിലേക്ക് പോകാന്‍ ആവശ്യപ്പെട്ടതായി കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ പ്രതി ആരോപിച്ച ദിവസമാണ് സര്‍ക്കാര്‍ നടപടി. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇഡി അന്വേഷിക്കുന്ന പ്രതി ശുഭം സോണിയുടെ ദുബൈയില്‍ നിന്നുള്ള വീഡിയോയിലാണ് ബാഗേലിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്.
ഛത്തീസ്ഗഢില്‍ വോട്ടെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം ഉള്ളപ്പോഴാണ്, ബാഗേലിനെതിരെ ആരോപണം ഉയര്‍ന്നത്.
കള്ളപ്പണം വെളുപ്പിക്കല്‍, അനധികൃത ഫണ്ട് ഉപയോഗം എന്നി ആരോപണങ്ങളാണ് ഛത്തീസ്ഗഡ് മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്നുവന്നത്.