രേവന്ത് റെഡ്ഡിയുടെ അമേരിക്കൻ സന്ദർശനത്തിന് അനുമതി നിഷേധിച്ച് കേന്ദ്രം; ലണ്ടനിൽ നിന്ന് മടങ്ങും

 

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ ഔദ്യോഗിക അമേരിക്കൻ സന്ദർശനത്തിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചു. 'പൊളിറ്റിക്കൽ ക്ലിയറൻസ്' നൽകാനാകില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര നടപടിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

ലണ്ടൻ, യു.എസ് പര്യടനങ്ങൾക്കായി 'തെലങ്കാന റൈസിംഗ്' പ്രതിനിധി സംഘത്തോടൊപ്പം ലണ്ടനിലെത്തിയ ശേഷമാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ തീരുമാനം രേവന്ത് റെഡ്ഡിയെ അറിയിച്ചത്. നയതന്ത്ര ചട്ടങ്ങൾ അനുസരിച്ച് ഇരുരാജ്യങ്ങളും സന്ദർശിക്കാൻ അനുമതി തേടിയിരുന്നെങ്കിലും യുകെ സന്ദർശനത്തിന് മാത്രമാണ് കേന്ദ്രം അനുമതി നൽകിയത്. ഇതോടെ ലണ്ടൻ പര്യടനം പൂർത്തിയാക്കി ഓഗസ്റ്റ് 23-ന് അദ്ദേഹം ഹൈദരാബാദിലേക്ക് മടങ്ങും.

ഹൈദരാബാദിൽ നിർമിക്കുന്ന 'ഭാരത് ഫ്യൂച്ചർ സിറ്റി'യിലേക്ക് ഹാർവാർഡ്, എം.ഐ.ടി തുടങ്ങിയ പ്രമുഖ അമേരിക്കൻ സർവകലാശാലകളെ ക്ഷണിക്കാനായിരുന്നു ഈ യാത്ര ലക്ഷ്യമിട്ടിരുന്നത്. സന്ദർശനം റദ്ദാക്കിയെങ്കിലും, ഉദ്യോഗസ്ഥ സംഘത്തോട് അമേരിക്കൻ പര്യടനം തുടരാനും സർവകലാശാലകളുമായുള്ള ധാരണാപത്രങ്ങളിൽ ഒപ്പുവെക്കാനും മുഖ്യമന്ത്രി നിർദേശം നൽകി. യുവാക്കളുടെ ഭാവി രാഷ്ട്രീയത്തിനും തെരഞ്ഞെടുപ്പുകൾക്കും അതീതമായിരിക്കണമെന്നും വിദ്യാഭ്യാസ മുന്നേറ്റമായിരുന്നു യാത്രയുടെ ഏക ലക്ഷ്യമെന്നും അദ്ദേഹം പ്രതികരിച്ചു.