കാഫിര്‍ വിവാദം: ഗോവിന്ദൻ വീണിടത്ത് ഉരുളുന്നുവെന്ന് ചെന്നിത്തല
കാഫിര്‍ വിവാദത്തില്‍ എം വി ഗോവിന്ദൻ വീണിടത്ത് ഉരുളുന്നുവെന്ന് മുതിര്‍ന്ന കോൺഗ്രസ് നേതാവ് രമേഷ് ചെന്നിത്തല. വർഗീയത ആളികത്തിക്കാൻ ആണ് സിപിഎം ശ്രമിച്ചത്. കെ കെ ലതികയെ ന്യായീകരിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി. എം വി ഗോവിന്ദൻ ജനങ്ങളോട് മാപ്പ് പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
'കാഫിര്‍' വിവാദം വിശദമായി വിശകലനം ചെയ്യുമ്പോൾ യുഡിഎഫിന്‍റെ തെറ്റായ പ്രചാരണത്തിന്‍റെ ഭാഗമായി ഉയർന്ന ഒരു പ്രത്യേക സംസ്കാരമാണ് അതിലേക്ക് നയിച്ചതെന്നാണ് വ്യക്തമാകുന്നതെന്നും സ്ക്രീൻ ഷോട്ടിന്റെ ഉറവിടം ആദ്യം അറിഞ്ഞ ശേഷം വിശദീകരണം ചോദിക്കേണ്ടവരോടൊക്കെ ചോദിക്കുമെന്നുമാണ് എം വി ഗോവിന്ദൻ പറഞ്ഞത്.
'പോരാളി ഷാജിയാണോ ഇടതുപക്ഷം? സിപിഎമ്മിന്റെ നിലപാട് പറയേണ്ടത് സൈബര്‍ ഇടത്തിലെ പോരാളിഷാജിമാരല്ല. ആരെയെങ്കിലും പുകമറയിൽ നിർത്തുകയോ സംശയത്തിന്റെ മുൾമുനയിൽ നിർത്തുകയോ അല്ല വേണ്ടത്. കാഫിര്‍ സ്ക്രീൻ ഷോട്ടിന് പിന്നിൽ പ്രവർത്തിച്ചവരെ പുറത്ത് കൊണ്ടുവരണം. വിഷയത്തിൽ ആദ്യം പരാതി നൽകിയത് ഇടതുമുന്നണിയാണ്.
പോരാളി ഷാജിയാണോ ഇടതുപക്ഷമെന്ന ചോദ്യമുയര്‍ത്തിയ എം വിഗോവിന്ദൻ സ്ക്രീൻ ഷോട്ട് ഷെയർ ചെയ്ത മുൻ എംഎൽഎയും സിപിഎം നേതാവുമായ കെ കെ ലതികയെ ന്യായീകരിക്കുകയും ചെയ്തു. സ്ക്രീൻ ഷോട്ട് ഷെയർ ചെയ്തത് പ്രചരിപ്പിക്കാനല്ല. അത് നാടിന് ആപത്താണെന്ന് അറിയിക്കാനാണ്. അതിനെ തെറ്റിദ്ധരിക്കുന്നത് ശരിയല്ലെന്നാണ് എം വിഗോവിന്ദന്റെ വിശദീകരണം.
കാഫിര്‍ സ്ക്രീൻ ഷോട്ട് വിഷയം ഒറ്റപ്പെട്ട പ്രശ്നമെന്ന നിലയിൽ കൈകാര്യം ചെയ്യാനാണ് ശ്രമം നടന്നത്. അത് ശരിയായ നിലപാടല്ല. അശ്ലീല പ്രചാരണമടക്കം അവിടെയുണ്ടായി. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഷാഫി പറമ്പിൽ വന്നതിന് പിന്നാലെ തന്നെ കെ കെ ശൈലജയെ അധിക്ഷേപിച്ചാണ് പ്രചാരണമുണ്ടായത്. വടകരയിലെ സിപിഎം സ്ഥാനാർത്ഥിയായിരുന്ന കെ കെ ശൈലജക്കെതിരെ മുസ്ലീം വിരുദ്ധത ആരോപിക്കാൻ ബോധപൂർവ്വം ശ്രമം നടന്നു. പാനൂർ പ്രതികൾക്കൊപ്പം കെ കെ ശൈലജ നിൽക്കുന്ന ചിത്രം വ്യാജമായി ഉണ്ടാക്കി പ്രദർശിപ്പിക്കാൻ ശ്രമിച്ചു. മുസ്‍ലിം സമുദായം മുഴുവൻ വർഗീയവാദികളെന്ന് ശൈലജ പറഞ്ഞതായുള്ള പ്രചരണം ഉണ്ടായി. ലൗ ജിഹാദിൽ ടീച്ചർക്ക് ആർഎസ്എസ് നിലപാടെന്ന് പ്രചരിപ്പിച്ചുവെന്നും എം വി ഗോവിന്ദൻ പറഞ്ഞു.