ഏറ്റുമാനൂർ സ്വദേശിനി ജെയ്നമ്മയെ കാണാതായ കേസ്; സെബാസ്റ്റ്യനുമായുള്ള തെളിവെടുപ്പ് പുരോഗമിക്കുന്നു
ഏറ്റുമാനൂർ സ്വദേശിനി ജെയ്നമ്മയെ കാണാതായ കേസിൽ മുഖ്യപ്രതി സെബാസ്റ്റ്യനുമായുള്ള തെളിവെടുപ്പ് പുരോഗമിക്കുന്നു. പള്ളിപ്പുറത്തെ രണ്ടരയേക്കർ പുരയിടത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ വീണ്ടും മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി. കഴിഞ്ഞ ദിവസം മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയ സ്ഥലത്തുനിന്ന് ഏകദേശം 25 മീറ്റർ മാറിയാണ് വീണ്ടും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഓരോ സ്ഥലവും കൃത്യമായി രേഖപ്പെടുത്തിയാണ് പോലീസ് തിരച്ചിൽ നടത്തിവരുന്നത്. സ്ഥലത്തെ പുല്ല് നീക്കിയും മണ്ണുമാറ്റിയും തിരച്ചിൽ തുടരുകയാണ്. സംശയമുള്ള സ്ഥലങ്ങൾ കുഴിച്ചും കുളം വറ്റിച്ചും തിരച്ചിൽ നടത്തുന്നുണ്ട്. കൂടുതൽ പരിശോധനകൾക്കായി ഫോറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിട്ടുണ്ട്. ലഭിച്ച മൃതദേഹാവശിഷ്ടങ്ങൾ ആരുടെതാണെന്ന് അറിയാനായി ഡിഎൻഎ ടെസ്റ്റ് ഉൾപ്പെടെ നടത്തും.
കഴിഞ്ഞദിവസമാണ് സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽനിന്നു കത്തിക്കരിഞ്ഞ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇത് കൂടുതൽ സംശയങ്ങൾക്കിടയാക്കിയിരുന്നു. ലഭിച്ച തലയോട്ടിയുടെയും തുടയെല്ലുകളുടെയും പ്രാഥമിക പരിശോധനയിൽ മരിച്ചത് ജെയ്നമ്മയാണെന്ന് ഉറപ്പിക്കാനാകില്ലെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. 10 വർഷം മുൻപ് ദുരൂഹസാഹചര്യത്തിൽ കാണാതായ ചേർത്തല സ്വദേശിനി ഐഷയുടെ മകളുടെ രക്തസാംപിൾ ശേഖരിച്ച് തുടർനടപടികളിലേക്കു കടന്നിട്ടുണ്ട്.